കണ്ണൂർ (പഴയങ്ങാടി): സഹോദരനൊപ്പം നടന്നുപോകുകയായിരുന്ന ആറുവയസുകാരന് കാറിടിച്ച് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ അരുൺമണി - ലക്ഷ്മി ദമ്പതികളുടെ മകൻ ശ്രീനാഥാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ലോഗേഷിനെ (9) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപം ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന വിദ്യാർത്ഥിയായ യുവാവിനെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
പഴയങ്ങാടി ഭാഗത്ത് നിന്ന് വന്ന ഫോർഡ് ഫിഗോ കാറാണ് റോഡരികിലൂടെ നടന്നുപോയ സഹോദരങ്ങളെ ഇടിച്ച് തെറിപ്പിച്ചത്. ശ്രീനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ സൈക്കിൾ സവാരിക്കാരനെ തട്ടിയശേഷമാണ് കുട്ടികളെ ഇടിച്ചത്.
കൂലിപ്പണിക്കാരായ അരുൺമണിയും ലക്ഷ്മിയും എട്ടു വർഷമായി പ്രതിഭ ടാക്കീസിന് സമീപമാണ് താമസിക്കുന്നത്. ശ്രീനാഥ് തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ആത്തൂർ വട്ടം രാമദേശപുരത്തെ യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും, ലോഗേഷ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. പതിനഞ്ചു ദിവസത്തെ സ്‌കൂൾ അവധിക്ക് അച്ഛനും അമ്മയ്‌ക്കുമൊപ്പം താമസിക്കാൻ വന്നതായിരുന്നു കുട്ടികൾ. നാളെ മടങ്ങിപ്പോകാൻ ഇരിക്കുമ്പോഴാണ് അപകടം ശ്രീനാഥിന്റെ ജീവൻ തട്ടിയെടുത്തത്. എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.