veedu-sasi
അക്രമികൾ തകർത്ത് സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം വാഴയിൽ ശശിയുടെ വീട്

തലശ്ശേരി: തലശ്ശേരി മേഖലയിൽ സംഘർഷാവസ്ഥ. ഇന്നലെ വൈകുന്നേരമുണ്ടായ അക്രമസംഭവങ്ങളിൽ സി.പി.എം, ആർ.എസ്.എസ്. നേതാക്കളുടെ വീടുകൾ അടിച്ചുതകർത്തു.

സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം വാഴയിൽ ശശിയുടെ കല്ലായി തെരു രണ്ടാം ഗേറ്റിനടുത്തുള്ള വീട് ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയാണ് ഒരു സംഘം അക്രമികൾ തല്ലിത്തകർത്തത്. മഴു ഉപയോഗിച്ച് വാതിൽ പിളർന്ന് അകത്ത് കയറിയ അക്രമികൾ ഫ്രിഡ്ജ്, വാട്ടർ മോട്ടോർ, ടി.വി. തുടങ്ങിയതെല്ലാം തച്ചുടച്ചു. കിണറ്റിൽ മാലിന്യങ്ങൾ തള്ളുകയും, ടോയ്ലറ്റ് പൈപ്പ് തകർക്കുകയും ചെയ്തിട്ടുണ്ട്. മഴു, ഇരുമ്പുവടി, പാര തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പന്ത്രണ്ടോളം വരുന്ന അക്രമിസംഘം തുടർന്ന് ബൈക്കുകളിൽ രക്ഷപ്പെട്ടു.

രാത്രി ഏഴുമണിയോടെയാണ് ആർ.എസ്.എസ്. ണ്ണൂർ ജില്ലാ സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ തലശ്ശേരി തിരുവങ്ങാട്ടെ വീടിന് നേരെ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ പത്തംഗ സംഘം വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.സംഭവത്തിന് പിന്നിൽ സി.പി.എം. പ്രവർത്തകരാണെന്ന് ആർ.എസ്.എസ്. നേതൃത്വം ആരോപിച്ചു.

രണ്ടു സംഭവങ്ങളിലും തലശ്ശേരി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നുണ്ട്.