തൃക്കരിപ്പൂർ:സിൽവ്വർ സ്റ്റാർ ക്ലബ്ബ് മൈതാനിയുടെ 43 -ാം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും ഇശൽ നൈറ്റും ആറിന് ഇളമ്പച്ചി ബാക്കരിമുക്കിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടി എം. രാജഗോപാലൻ എം.എൽ.എ ഉത്ഘാടനം ചെയ്യും. ക്ലബ്ബിനു പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ നിർവഹിക്കും. പരിപാടിയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി മെഡിക്കൽ ക്യാമ്പ്, കരിയർ ഗൈഡൻസ്, അണ്ടർ 17 ഫുട്ബാൾ മേള, ബോധവൽക്കരണ ക്ലാസ്, കാരംസ് ടൂർണ്ണമെന്റ് എന്നിവയും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ടി.എം. മുസ്തഫ, എം. മുഹമ്മദ്, എസ്. ആസിഫ്, എ.കെ ഫസൽ പങ്കെടുത്തു


എൻഡോസൾഫാൻ:പെൺകുട്ടിയുടെ ആശ്രിതർക്ക് ധനസഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കാസർകോട് : ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്ത അഞ്ചുലക്ഷം രൂപയുടെ ധനസഹായം എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെട്ട് മരിച്ച പെൺകുട്ടിയുടെ ആശ്രിതർക്ക് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു.
പെരുമ്പള കെ.കെ. തൊട്ടി ഹൗസിൽ പി.കെ. ദിവ്യാ ലക്ഷ്മി നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ മകൾ 2015 സെപ്റ്റംബർ നാലിന് മരിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി വിവിധ ബാങ്കുകളിൽ നിന്ന് 6 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. വായ്പ തിരിച്ചടക്കാൻ നിവൃത്തിയില്ലെന്നാണ് പരാതി. കമ്മീഷൻ കാസർകോട് ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു.

അക്രമം നടത്തുന്നവരുടെ പേരിൽ കർശന നടപടി എടുക്കും: ജില്ലാ കളക്ടർ
കാസർകോട്: അക്രമം നടത്തുന്നവരുടെ പേരിൽ കർശന നടപടി എടുക്കുകയും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടർ ഡോ ഡി സജിത്ത്ബാബു പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സമാധാന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർത്താൽ ദിനത്തിൽ അതിക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുകയും ജനങ്ങളുടെ സ്വൈരജീവിതം തകർക്കുകയും ചെയ്ത ഇവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും. പാർട്ടി അണികളെ അതാത് പാർട്ടി നേതൃത്വം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം, സാമൂഹിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാർക്കെതിരെ പൊലീസ് നടപടി എടുക്കും. പോലീസ് നടപടിയുമായി മുന്നോട്ട് പോകുമ്പോൾ പാർട്ടി നേതൃത്വം ഇടപെടരുതെന്നും കളക്ടർ ആവശ്യപ്പെട്ടു.
. യോഗത്തിൽ എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന് , എം. രാജഗോപാൽ, സബ് കലക്ടർ അരുൺ കെ. വിജയൻ , ഡിവൈ.എസ്.പി ഹസ്സൈനാർ, ആർ.ഡി.ഒ പി.എ അബ്ദുൾ സമദ്, മഞ്ചേശ്വരം തഹസിൽദാർ ജോൺ വർഗ്ഗീസ് വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.