കണ്ണൂർ: തലശേരി മേഖലയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് സായുധസേന നടത്തിയ റെയ്ഡിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരായ 30 പേരെ അറസ്റ്റുചെയ്തു. റെയ്ഡ് തുടരുകയാണ്. വെള്ളിയാഴ്ച രാത്രി 19 പേരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു. ഇരിട്ടിയിൽ സി.പി.എം പ്രവർത്തകൻ വിശാഖിന് വെട്ടേറ്റ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു. അഞ്ച് പേർക്കെതിരെ വധശ്രമത്തിനും കേസെടുത്തു.
തലശേരിയിൽ സായുധസേന റൂട്ട് മാർച്ച് നടത്തി. എട്ട് പ്ളാറ്റൂൺ സായുധസേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താൻ ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം നിർദേശിച്ചു. ആകെ 140 കേസുകൾ രജിസ്റ്റർ ചെയ്തു.
പിടിയിലായവരിൽ വി. മുരളീധരന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളും ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം, ജില്ലാ കളക്ടർ മീർ മുഹമ്മദലി എന്നിവർ തലശ്ശേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
അക്രമം ഇന്നലെ പുലർച്ചെ വരെ
ഹർത്താൽ ദിന സംഘർഷത്തിനു പിന്നാലെ സി.പി.എം തലശേരി ഏരിയാ കമ്മിറ്റി അംഗം വാഴയിൽ ശശിയുടെ വീട് വെള്ളിയാഴ്ച വൈകിട്ട് ആറിന് ആക്രമിച്ചതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. ആർ.എസ്.എസ് സംഘചാലക് സി. ചന്ദ്രശേഖരൻ, എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം മുൻജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരൻ എം.പി എന്നിവരുടെ വീടുകൾ തുടർന്ന് ആക്രമിക്കപ്പെട്ടു. ഇന്നലെ പുലർച്ചെ വരെ അക്രമ സംഭവങ്ങൾ തുടർന്നു. പഴയങ്ങാടി ചെറുതാഴത്ത് ആർ.എസ്.എസ് കാര്യാലയം തീവച്ചു നശിപ്പിച്ചു. പാപ്പിനിശേരിയിൽ ബി.ജെ.പി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ വീടിനു നേരെയും അക്രമമുണ്ടായി.
നിരോധനാജ്ഞയ്ക്കിടെ
പേരാമ്പ്രയിൽ ബോംബേറ്
പേരാമ്പ്ര: ഹർത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായതിനാൽ നിരോധനാജ്ഞ തുടരുന്ന കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് കണ്ണിപ്പൊയിലിൽ കൊളപ്പുറത്ത് രാധാകൃഷ്ണന്റെ വീട്ടിൽ ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ ജനലും വാതിലും തകർന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വൻ ശബ്ദം കേട്ട് ഉണർന്നപ്പോൾ ബൈക്ക് പോകുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പൊലീസിൽ മൊഴി നൽകി.
കഴിഞ്ഞ ദിവസം മലബാർ ദേവസ്വം ബോർഡ് അംഗവും സി.പി.എം നേതാവുമായ ശശികുമാർ പേരാമ്പ്രയുടെ പാറാട്ടുപാറയിലെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു.