കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതും കാത്ത് കാഞ്ഞങ്ങാട്ട് ഏഴു പദ്ധതികൾ ഉദ്ഘാടനത്തിനായി കാക്കുന്നു. ഇതിൽ ആലാമിപ്പള്ളി ബസ് സ്റ്റാൻഡാണ് പ്രധാനമായിട്ടുള്ളത്. നിർമ്മാണം പൂർത്തിയായ ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഏറ്റവും ഒടുവിൽ കഴിഞ്ഞമാസം ആദ്യം സ്റ്റാൻഡ് ഉദ്ഘാടനത്തിനായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു. ഡിസംബർ അവസാനമെങ്കിലും ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ പുതുവർഷം പിറന്നിട്ടും ഇതുവരെയും മറ്റു സൂചനകളൊന്നുമില്ല.

ചെയർമാൻ വി.വി രമേശൻ മുഖ്യമന്ത്രിയെ കാണാനായി രണ്ടു മൂന്നു തവണ പോയിട്ടും തീയ്യതി മാത്രം ലഭിച്ചില്ല. ബസ്സ് സ്റ്റാൻഡിൽ തന്നെ പണികഴിപ്പിച്ച ഷീ ലോഡ്ജ്, നഗരസഭ ഹരിത കർമ്മസേന, വാഴുന്നോറടി കുടിവെള്ള പദ്ധതി, നിർമ്മാണം പൂർത്തിയായ പുതിയ അംഗൻവാടികൾ എന്നിവയൊക്കെയാണ് മുഖ്യമന്ത്രി നാടമുറിക്കേണ്ട പദ്ധതികൾ. ഇതെല്ലാം ഒരു വേദിയിൽ തന്നെ നടക്കുമെങ്കിലും ആ ദിവസം മാത്രമാണ് ഇനിയും ഉറപ്പാക്കാനാകാത്തത്.

ആലാമിപ്പള്ളിയിൽ സ്റ്റേഡിയത്തിന് തറക്കല്ലിടൽ ഉൾപ്പെടെയുള്ള പദ്ധതികൾ വേറെയുമുണ്ട്. ഈ മാസം കൂടി കഴിഞ്ഞാൽ പൊതു തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ തുടങ്ങാറായി. പെരുമാറ്റച്ചട്ടവും കൂടി വന്നാൽ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനമൊന്നും നടത്താനും കഴിയില്ല. കാഞ്ഞങ്ങാട്ടെ നിലവിലുള്ള ബസ് സ്റ്റാൻഡിൽ ബസ്സുകൾക്ക് നിന്നുതിരിയാൻ പോലും സൗകര്യമില്ല. നൂറു കണക്കിന് ബസ്സുകൾ വന്നു പോകുന്ന സ്റ്റാൻഡിൽ പ്രവേശിക്കാനും പുറത്തു കടക്കാനും ഡ്രൈവർമാർ ഏറെ സാഹസപ്പെടുന്നുണ്ട്. ഇതിനെല്ലാം പരിഹാരമാകുന്നതാണ് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ്.

മുഖ്യമന്ത്രിയുടെ അടുത്ത ജില്ലാ സന്ദർശനത്തിൽ കാഞ്ഞങ്ങാട്ടെ കാര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് ചെയർമാൻ പറയുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി എന്നു വരുമെന്ന കാര്യത്തിൽ ചെയർമാനും ഉറപ്പു പറയാനാവുന്നില്ല.