കാസർകോട്: ഹർത്താൽ ദിനത്തിൽ നടന്ന പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കു നേരെ പെൺകുട്ടിയുടെ നേതൃത്വത്തിൽ തെറിവിളി നടത്തിയ സംഭവത്തിൽ ഡി.ജി.പിക്ക് പരാതി നൽകി. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകനുമായ മുബാറക്ക് പുത്തനത്താണിയാണ് ഡി. ജി.പിക്ക് ഇമെയിൽ വഴി പരാതി അയച്ചത്. ബി.ജെ.പി കാസർകോട് ജില്ലാ ഭാരവാഹി അടക്കം പങ്കെടുത്ത പ്രകടനത്തിലാണ് പെൺകുട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കു നേരെ കേട്ടാൽ അറക്കുന്ന തരത്തിൽ തെറിവിളി മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.


ബി.ജെ.പി മുൻ നഗരസഭ കൗൺസിലർക്കെതിരെ

അക്രമം: വധശ്രമത്തിന് കേസ്
കാസർകോട്: ബി ജെ പി മുൻ നഗരസഭ കൗൺസിലർക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ ഹർത്താലിനിടെ നുള്ളിപ്പാടിയിൽ വെച്ചാണ് നഗരസഭ ബീരന്ത്ബയൽ വാർഡ് മുൻ കൗൺസിലർ പാറക്കട്ടെയിലെ ഗണേശിന് (60) വെട്ടേറ്റത്. പരിക്കേറ്റ ഗണേശ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ഗണേശ് പറഞ്ഞിരുന്നു. അക്രമികളെ കണ്ടെത്താൻ പൊലീസ് സംഭവ സ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും സി സി ടി വി പരിശോധിച്ചുവരികയാണ്.


ജില്ലാ ബാങ്ക് ജീവനക്കാരിയുടെ

വീടും കാറും കല്ലെറിഞ്ഞു തകർത്തു
കാസർകോട്: വനിതാ മതിലിൽ പങ്കെടുത്തതിന്റെ വിരോധത്തിൽ ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിനു നേരെ കല്ലേറ്. കാറും തകർത്തു. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാറക്കട്ടെയിലെ സുശീൽ കുമാറിന്റെ ഭാര്യയും ജില്ലാ ബാങ്ക് ജീവനക്കാരിയുമായ ബി.സി ബീനയുടെ പരാതിയിലാണ് മൂന്നു ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. പാറക്കട്ടെയിലെ ഇരുനില വീടിനു നേരെ സംഘം കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിൽ വീടിന്റെ അടുക്കള ഭാഗത്തെ ജനൽ ഗ്ലാസും ആൾട്ടോ കാറിന്റെ ചില്ലും തകർന്നതായി പരാതിയിൽ പറയുന്നു.


കടകൾ ആക്രമിച്ചവർക്ക് നിസാരവകുപ്പിൽ

കേസ്: വ്യാപാരികൾ പ്രതിഷേധിച്ചു
കാസർകോട്: ഹർത്താൽ ദിനത്തിൽ കടയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ പൊലീസ് നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുന്നതായി ആക്ഷേപം. ഇതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഉപ്പള ബന്തിയോട് ഭാഗങ്ങളിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെയാണ് പൊലീസ് നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് അറിയിച്ചു.

കെ.എസ്.ടി.എ കാസർകോട് യൂണിറ്റ് കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് രാമൻ ചെന്നിക്കര ഉദ്ഘാടനം ചെയ്യുന്നു.