പയ്യന്നൂർ: സംസ്ഥാന സർക്കാർ മികച്ച ആരോഗ്യ സ്ഥാപനത്തിന് നൽകുന്ന കായകൽപ്പം പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിക്ക്. മികച്ച ശുചിത്വം ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് സംസ്ഥാന സർക്കാർ പുരസ്‌കാരം നൽകുന്നത്. പത്ത് ലക്ഷം രൂപയാണ് പുരസ്‌കാരം . പാലക്കാട് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യൽറ്റി ആശുപത്രിക്കാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം.15 ലക്ഷം രൂപയാണ് പുരസ്‌കാരമായി ലഭിക്കുക.
വൃത്തിയും വെടിപ്പുമുള്ള കെട്ടിടങ്ങളും മാലിന്യ മുക്തഅന്തരീക്ഷവും ആധുനിക ചികിത്സാ സൗകര്യങ്ങളും മറ്റുമായി ദേശീയ നിലവാരത്തിലേക്കു ഉയരുവാനുള്ള പ്രയത്‌നത്തിനിടെയാണ് പുതിയ അംഗീകാരം ആശുപത്രിയെ തേടിയെത്തിയത്. 150 കിടക്കകളും 22 സ്‌പെഷ്യൽറ്റി ഡോക്ടർമാരും ആശുപത്രിയിലുണ്ട്. ഡോക്ടർമാരുടെ അഞ്ച് തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. 20 കിടക്കകളുള്ള കുട്ടികളുടെ വാർഡ് ശീതീകരിച്ചതാണ്. കെട്ടിടങ്ങളും ലാബുകളും നവീകരിക്കുകയും ആധുനിക രീതിയിലുള്ള എക്‌സ് റേ സൗകര്യവും ആവശ്യമായ മരുന്നുകളും മറ്റും നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കാനിംഗ് സംവിധാനവും ഡയാലിസിസ് യൂണിറ്റും അടുത്ത് തന്നെ ആരംഭിക്കും. എക്‌സൈസ് വകുപ്പ് ജില്ലയിൽ അനുവദിച്ച ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന്റെ ഉൽഘാടനവും ആശുപത്രിയിൽ അടുത്ത ദിവസം നടക്കും.18 വയസ്സിന് താഴെ ബുദ്ധിവികാസ കുറവുള്ള കുട്ടികളുടെ പരിശീലന കേന്ദ്രം,
മുതിർന്നവർക്കുള്ള ജീവിത ശൈലി രോഗ ക്ലീനിക്ക്, പാലിയേറ്റീവ് ഒ.പി. എന്നിവ നിശ്ചിത ദിവസങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പൂന്തോട്ടം ,കുട്ടികളുടെ പാർക്ക്, വായനാമുറി തുടങ്ങിയവയും ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാന സർക്കാർ കായ കൽപ്പ് പുരസ്‌കാരം ലഭിച്ച പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രി