തളിപ്പറമ്പ്: തുടർച്ചയായുളള ഹർത്താലുകളിൽ വൃക്കരോഗികളുടെ ജീവൻ തന്നെ പ്രതിസന്ധിയിലേക്കെന്ന് ജില്ലാ കിഡ്നി ട്രാൻസ് പ്ളാൻസ് അസോസിയേഷന്റെ ആരോപണം. ഡയാലിസിസ് നടത്താൻ സാധിക്കാതെ ഐ.സി.യുവിലാകുന്ന ഗുരുതരമായ സ്ഥിതിയാണ് പലരുമെന്നാണ് ഇവരുടെ ആരോപണം.

ഒരു ദിവസം ഡയാലിസീസ് മുടങ്ങുമ്പോൾ ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും വന്ന് രോഗികളെ ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസത്തെ ഹർത്താലിന് ഡയാലിസിസ് നടത്താൻ സ്വന്തം വാഹനത്തിൽ പോയയാളെ പോലും തടഞ്ഞ അനുഭവമുണ്ടായി.' ഡയാലിസിസ് ബുക്ക് കാണിച്ചിട്ടും ഹർത്താൽ അനുകൂലികൾ ദയ കാട്ടാതെ തിരിച്ചയച്ചു. ഇതുകാരണം ഇദ്ദേഹത്തെ പിറ്റേന്ന് ഐ.സി യു.വിൽ പ്രവേശിപ്പിച്ചു. വരുന്ന ഹർത്താലുകളിൽ ഇത്തരക്കാരെയും ഡയാലിസിസ് സെന്ററുകളെയും ഹർത്താലിൽ നിന്നും ഒഴിവാക്കണമെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേമരാജൻ, ജയാനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.

അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഹർത്താലുകൾ ഡയാലിസിസ് രോഗികളെ സംബന്ധിച്ച് ദുരിതമാകുന്നുവെന്ന് ജില്ലാ കിഡ്‌നി ട്രാൻസ്പ്‌ളാൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. രോഗികൾക്ക് താങ്ങാവുന്നതിലധികം സാമ്പത്തികബാദ്ധ്യതയും ഇതുമൂലമുണ്ടാകുന്നു.ഹർത്താലുകളിൽ കിഡ്‌നി രോഗികളുടെ ഡയാലിസിസ് സെന്ററുകളിലേക്കുള്ള യാത്ര തടയരുത്. ഡയാലിസിസ് സെന്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് അനുവദിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ അണികൾക്ക് നിർദ്ദേശം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.