കാസർകോട്: പൊലീസിനുള്ളിലെ 'മിതവാദം' ചർച്ചയാകുന്നു. സി.പി.എം കാസർകോട് ജില്ലാ നേതൃത്വത്തിനൊപ്പം പൊലീസ് ഓഫീസർമാരുടെ സംഘടനയും 'മെല്ലെപ്പോക്ക്' അപകടം ചെയ്യുമെന്ന് വിലയിരുത്തുന്നു.
കഴിഞ്ഞ മൂന്നുദിവസങ്ങളിൽ കാസർകോട് ജില്ലയിലുണ്ടായ സംഭവ വികാസങ്ങളുടെ കാരണം ചികയുന്നതിനിടെയാണ് 'മിതവാദം' വിഷയമായി വന്നത്. ജില്ലാ പൊലീസിന് ആക്ഷൻ പോരെന്നാണ് വിമർശനം. അതിവേഗം ഫലപ്രദമായി ഇടപെടാതെ അക്രമങ്ങൾ ഒതുക്കാൻ കഴിയില്ലെന്നാണ് പൊലീസ് ഓഫീസർമാരും അഭിപ്രായപ്പെടുന്നത്.
വനിതാമതിൽ നടത്തിയ ദിവസം ചേറ്റുകുണ്ടിൽ ഉണ്ടായ അക്രമസംഭവങ്ങളും ശബരിമല കർമ്മസമിതി നടത്തിയ ഹർത്താൽ ദിനത്തിലെ അക്രമവും തടയുന്നതിൽ പൊലീസ് നിഷ്‌ക്രിയമായിരുന്നുവെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന് പരാതി. കഴിഞ്ഞദിവസം ചേർന്ന സി. പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പൊലീസ് സ്വീകരിച്ച സമീപനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉണ്ടായത്. പൊലീസ് കൈക്കൊണ്ട നടപടികളും അക്രമങ്ങൾ തടയുന്നതിൽ കാണിച്ച വീഴ്ചയും ധരിപ്പിക്കാൻ വേണ്ടിവന്നാൽ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണുന്നതിനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ ചുമതലപ്പെടുത്തി.
അക്രമ സംഭവങ്ങൾ ഉണ്ടായപ്പോൾ തന്നെ ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിന്റെ മുന്നോടിയായി അക്രമികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന് കൈമാറും. തുടർന്നും അക്രമികൾക്കെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ സർക്കാരിനെ സമീപിക്കും.
അക്രമം ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിട്ടും മുൻകരുതൽ നടപടികൾ എടുക്കുന്ന കാര്യത്തിൽ ജില്ലയിലെ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട് എന്നുതന്നെയാണ് സി.പി.എമ്മിന്റെ നിരീക്ഷണം. കാസർകോട് പോലുള്ള ഒരു ജില്ലയിൽ ശക്തമായ ആക്ഷൻ സ്വീകരിക്കുന്നതിന് പകരം മിതവാദം സ്വീകരിക്കുന്നത് പോരായ്മയും ദോഷവുമാണെന്ന് വിലയിരുത്തുകയാണ് സി.പി.എമ്മും ജില്ലയിലെ പൊലീസ് ഓഫീസർമാരും. അതേസമയം അക്രമത്തിൽ പരിക്കേറ്റിട്ടു പോലും കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്താതെ ജാഗ്രത കാണിച്ച പൊലീസ് ഉദ്യോഗസ്ഥരെ സി.പി.എം പുകഴ്ത്തുന്നുമുണ്ട്.
ജില്ലയിൽ അക്രമസംഭവങ്ങളിൽ ഇതുവരെയുണ്ടാകാത്ത തരത്തിൽ കനത്ത നാശനഷ്ടമാണ് സി.പി.എമ്മിന് ഉണ്ടായിരിക്കുന്നത്. പൊലീസ് മതിയായ സംരക്ഷണം ഒരുക്കാൻ തയ്യാറായില്ലെന്നും ജില്ലയിലെ ഏതാനും ചില പൊലീസ് ഉദ്യോഗസ്ഥർ ബി.ജെ.പിക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നതായുമുള്ള ആക്ഷേപവും സി.പി.എമ്മിനുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യുകയും അക്രമങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തവർക്കെതിരെ വർഗീയലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് ഉടനെ അറസ്റ്റ് ചെയ്യണമെന്നും നഷ്ടം പ്രതികളിൽ നിന്നുതന്നെ ഈടാക്കണമെന്നുമാണ് സി.പി.എമ്മിന്റെ ആവശ്യങ്ങളിൽ പ്രധാനം.