കണ്ണൂർ:കോർപ്പറേഷൻ വാർഷിക പദ്ധതി സംബന്ധിച്ചുള്ള റിപ്പോർട്ട് ഡി.പി.സി ക്ക് സമയബന്ധിതമായി നൽകിയില്ലെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷാഗംങ്ങൾ തമ്മിൽ ബഹളം.മറ്റു കോർപ്പറേഷനുകൾ എല്ലാം സമയബന്ധിതമായി റിപ്പോർട്ട് ഡി.പി.സിക്ക് കൈമാറിയിട്ടുണ്ട്. ഇവിടെ വികസന സെമിനാർ നടന്നെങ്കിലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഗുരുതരമായ വീഴ്ച്ചയാണ് ഇക്കാര്യത്തിൽ വന്നിട്ടുള്ളത് അത് ഭരണപക്ഷം സമ്മതിക്കണമെന്നും കൂട്ടായ പരിശ്രമത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അഡ്വ.ടി.ഒ.മോഹനൻ പറഞ്ഞു.
നിശ്ചിത ടൈംടേബിൾ അനുസരിച്ചാണ് ഒാരോ പദ്ധതിയും നടപ്പിലാക്കുന്നത്.ഒാരോ കമ്മിറ്റിയും പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നെങ്കിൽ വാർഷിക പദ്ധതി സംബന്ധിച്ചുള്ള റിപ്പോർട്ട് കൈമാറുന്നതിൽ വീഴ്ച്ച സംഭവിക്കില്ലായിരുന്നുവെന്നാണ് എം.ബാലകൃഷ്ണന്റെ പരാതി.
പുഴാതി പഞ്ചായത്തിൽ പുല്ലൂപ്പിക്കടവിൽ സ്ഥലം പഞ്ചായത്തിന്റെ കീഴിലുണ്ടായ സമയത്ത് 84 സെന്റ് സ്ഥലത്ത് ചെമ്മീൻ കൃഷി നടത്തുന്നതിന് ഭരണ സമിതി അറിയാതെ രേഖകൾ പോലും പരിശോധിക്കാതെ സെക്രട്ടറി സ്ഥലം നൽകിയത് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൃഷി തുടരാനുള്ള നടപടി സ്വീകരിക്കാനും പാട്ടക്കരാറിൽ ഏർപ്പെട്ട ആർക്കും ഇനിയൊരു തീരുമാനമുണ്ടാകുന്നതു വരെ ആനുകൂല്യങ്ങളൊന്നും നൽകേണ്ടതില്ലെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഭവന നിർമ്മാണത്തിന് 315 അപേക്ഷകൾ നിലവിൽ അംഗീകരിച്ചിട്ടുണ്ടെന്ന് മേയർ ഇ.പി.ലത പറഞ്ഞു.പദ്ധതിയിൽ അനർഹർ ഉൾപ്പെടാൻ പാടില്ല.ഇത് സംബന്ധിച്ച് കൗൺസിലമാർ കൃത്യമായ മോണിറ്ററിംഗ് നടത്തണം.അംഗീകരിച്ച അപേക്ഷയിൽ അനർഹർ ഉണ്ടെങ്കിൽ അവർ ഒഴിവാക്കപ്പെടുമെന്നും മേയർ പറഞ്ഞു.ഗവ.സ്ക്കൂളുകളിൽ കമ്പ്യൂട്ടർ വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനായി കോഴിക്കോട് കെൽട്രോൺ സമർപ്പിച്ച എസ്റ്റിമേറ്റ് അംഗീകരിക്കാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ മേയർ ഇ.പി ലത അദ്ധ്യക്ഷത വഹിച്ചു.വെള്ളോറ രാജൻ,മുരളീധരൻ തൈക്കണ്ടി,സി.എറമുള്ളാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.