പയ്യന്നൂർ: ഇലക്ട്രിക് ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. പയ്യന്നൂർ പെരുമ്പ ദേശീയ പായോരത്ത് പ്രവർത്തിക്കുന്ന പെരുമ്പയിലെ എസ്.എൽ.പി.മുഹനുദ്ദീന്റെ ഉടമസ്ഥതയിലുള്ള സോണ ലൈറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാവിലെ 6.30 വോടെയാണ് സംഭവം. കടയുടെ മുകളിലത്തെ നിലയിലുള്ള ഗോഡൗണിനകത്താണ് തീപിടുത്തമുണ്ടായത്.കെട്ടിടത്തിന്റെ മുകളിൽ നിന്ന് തീ ആളിപടരുന്നത് തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാരാണ് ആദ്യം കണ്ടത്.ഉടൻ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അസി: സ്റ്റേഷൻ ഓഫീസർ സി.പി.ഗോകുൽദാസിന്റെ നേതൃത്വത്തിൽ മൂന്ന് യൂനിറ്റ് അഗ്‌നിശമന വാഹനങ്ങളും പതിനഞ്ചോളം അഗ്‌നിശമന സേനാഗങ്ങളും രണ്ട് മണിക്കൂറോളം കഠിന പരിശ്രമം ചെയ്താണ് തീ അണച്ചത്. ഇരുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടുത്തമുണ്ടായത്.വില കൂടിയ ഫാൻസി ലൈറ്റുകളും മറ്റ് ഇലക്ട്രിക്ക് ഉപകരണങ്ങളുമാണ് ഇവിടെ സ്റ്റോക്ക് ഉണ്ടായിരുന്നത്. തീപിടുത്തത്തിൽ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. കെട്ടിടത്തിന് താഴെ മുൻവശത്ത് സ്റ്റോക്ക് ചെയ്തിരുന്ന നിരവധി പി .വി .സി .വാട്ടർ ടാങ്കുകളും തീചൂടേറ്റ് ഉരുകി നശിച്ചിട്ടുണ്ട്. 25 ലക്ഷത്തോളം രൂപയുടെ നാശനഷ്മുണ്ടായതാണ് പ്രാഥമിക വിലയിരുത്തൽ. യഥാർത്ഥ നഷ്ടം കണക്കാക്കി വരുന്നതേയുള്ളു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
പയ്യന്നൂർ പെരുമ്പയിൽ സോണലൈറ്റ്‌സിലുണ്ടായ തീപിടുത്തം
പൊന്ന്യംപാലത്തിന് സമീപം ഞായറാഴ്ച പുലർച്ചെ നടന്ന അക്രമത്തിൽ ഗ്രിൽസ് കട തകർത്ത നിലയിൽ
ഒരു വർഷത്തിനുള്ളിൽ ആദിവാസി ഭൂപ്രശ്നത്തിന് പരിഹാരം:മന്ത്റി എ.കെ.ബാലൻ
ആറളം ഫാം പുനരധിവാസ മേഖലാ സമഗ്ര വികസന പദ്ധതിയ്ക്ക് തുടക്കം
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ പട്ടികവർഗ്ഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ നബാർഡ്, കിഫ്ബി തുടങ്ങിയവയുടെ ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. വരുന്ന ഒരു വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ആദിവാസി ഭൂ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആറായിരത്തോളം വരുന്ന ആദിവാസികൾക്ക് കേന്ദ്ര വനാവകാശ നിയമപ്രകാരമുള്ള ഭൂമിയുടെ അവകാശ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കാട്ടാനകളിൽ നിന്നും കാട്ടുമൃഗങ്ങളിൽ നിന്നും ആറളം പുനരധിവാസ മേഖലയിലെ ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള സംരക്ഷ ഭിത്തി നിർമ്മാണം എത്രയും പെട്ടെന്ന് തുടങ്ങും. 16 കിലോമീറ്റർ നീളമാണ് ഈ മേഖലക്കുള്ളത്. ഇതിൽ ഏഴു കിലോമീറ്ററിൽ ഒഴികെ ബാക്കി ഭാഗങ്ങളിൽ കിടങ്ങുകളും ഫെൻസിംഗും ആണാമത്തിലും മറ്റും നിർമ്മിച്ചിട്ടുണ്ട് . ഇവ പല ഭാഗങ്ങളിലും തകർന്നു കിടക്കുന്ന അവസ്ഥയുമുണ്ട്. എല്ലാം കൂടി എട്ടു കോടിയോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഇത് എത്രയും വേഗം കണ്ടെത്തി ഉടൻ പ്രതിരോധ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ആറളം ഫാം ഗവ. ഹൈസ്‌കൂൾ മുറ്റത്ത് നടന്ന പരിപാടിയിൽ സണ്ണി ജോസഫ് എം .എൽ. എ അദ്ധ്യക്ഷത വഹിച്ചു. പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുകഴേന്തി റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. ശ്രീമതി എം. പി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ.വി. സമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ മാർഗ്ഗരറ്റ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീലാമ്മ തോമസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധൻ, നബാർഡ് എ ജി എം കെ.വി. മനോജ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനോയ് കുര്യൻ, കെ.ടി. ജോസ്, വി. ടി. തോമസ്, ജെയ്‌സൺ ജീരകശ്ശേരി, മാത്തുക്കുട്ടി പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
( ഫോട്ടോ ആറളം ഫാം പുനരധിവാസ മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിക്കുന്നു )