കൊട്ടിയൂർ: കടക്കെണിമൂലം ആത്മഹത്യ ചെയ്ത വാഴ കർഷകൻ പാൽച്ചുരത്തെ കട്ടക്കയം സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ വൈകിട്ടോടെ ചവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

വെള്ളിയാഴ്ച രാത്രി പത്തോടെയാണ് വീട്ടിൽ നിന്നും സാബു വിഷം കഴിച്ചത്.തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്തെ വാഴക്കൃഷി പ്രകൃതിക്ഷോഭത്തിലും വന്യമൃഗശല്യത്താലും നശിച്ചിരുന്നു. ബാങ്കുകളിൽ നിന്നും വായ്പയെടുത്തായിരുന്നു കൃഷി നടത്തിയിരുന്നത്. കൃഷി നശിച്ചതോടെ മാനസികമായി തകർന്ന സാബു നഷ്ടപരിഹാരത്തിനായി വനം വകുപ്പിനെയും കൃഷി വകുപ്പിനേയും സമീപിച്ചെങ്കിലും ഫലം ഉണ്ടായിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച രാത്രിയോടെയാണ് വീട്ടിലെത്തിച്ചത്. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.

ബുദ്ധപ്രതിമ സ്ഥാപിച്ചു

തലശ്ശേരി: തിരുവങ്ങാട്ട് ലളിതകലാ അക്കാദമി നൂറ് ചിത്രപ്രദർശനങ്ങൾ നടത്തിയതിന്റെ ഭാഗമായി തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഒൻപത് കലാകാരന്മാർ ബുദ്ധപ്രതിമ സ്ഥാപിച്ചു. ശിൽപ്പിമാരായ ഉണ്ണികാനായി, മുരളി ഏറാമല എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപ്പം നിർമ്മിച്ചത്. സംഘാടക സമിതി ചെയർമാൻ പ്രദീപ് ചൊക്ലി, കൺവീനർ സെൽവൻ മേലൂർ, കോ ഓർഡിനേറ്റർ സി.വി. സുധാകരൻ, കേണൽ സുരേഷ് എന്നിവർ നേതൃത്വം നൽകി. നൂറ് ചിത്രകാരന്മാരുടെ ശതവർണ്ണ ചിത്രപ്രദർശനം 11 മുതൽ 22 വരെ തിരുവങ്ങാട് ആർട്ട് ഗാലറിയിൽ നടക്കും.