കാസർകോട്: എച്ച്1 എൻ1 പനി ബാധിച്ച് മഞ്ചേശ്വരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മച്ചംപാടി കോടി സ്വദേശിയും ഭാര്യയും ഭാര്യാ സഹോദരിയുമാണ് ചികിത്സയിൽ കഴിയുന്നത്. എട്ട് ദിവസം മുമ്പാണ് ഇവരെ പനി ബാധിച്ചത്. ആദ്യം വീട്ടമ്മയെ ബാധിച്ച പനി മറ്റുള്ളവരിലേക്ക് പടരുകയായിരുന്നു. മൂവരേയും ആദ്യം മംഗളൂരു വെൻലോക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പരിശോധനയിലാണ് മൂവർക്കും എച്ച്1 എൻ1 പനിയാണെന്ന് സ്ഥിരീകരിച്ചത്. വീട്ടിലെ മറ്റുള്ളവരോട് പ്രതിരോധ മരുന്ന് കഴിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ കുമ്പള ഭാഗത്ത് താമസിച്ചിരുന്ന കുടുംബം അടുത്തിടെയാണ് മച്ചംപാടി കോടിയിലേക്ക് മാറിയത്. 500 മീറ്റർ അകലെ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യമില്ലെന്ന് പരാതിയുണ്ട്. പനി പടരുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.