തലശ്ശേരി: മേഖലയിൽ ഇന്നലെ പുലർച്ചെയുണ്ടായ ഒറ്റപ്പെട്ട അക്രമങ്ങളൊഴിവാക്കിയാൽ തലശ്ശേരി മേഖല സാധാരണനിലയിലേക്ക് മടങ്ങുന്നതായി സൂചന. ഇന്നലെ പുലർച്ചെ കൊളശ്ശേരിയിൽ എൻ.ജി.ഒ യൂണിയന്റെ നേതാവിന്റെ വീടിനും പൊന്ന്യം പാലത്തിന് സമീപം ബി.ജെ.പി അനുഭാവിയുടെ കട തകർത്തതുമാണ് മേഖലയിൽ ഒടുവിലുണ്ടായ അക്രമങ്ങൾ.ഇരിട്ടിയിൽ ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം സി.പി.എമ്മുകാർ കല്ലെറിഞ്ഞതാണ് മറ്റൊരു സംഭവം.
തലശ്ശേരി, ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇന്നുവരെ നിരോധനാജ്ഞ നിലവിലുണ്ട്.മേഖലയിൽ ശക്തമായ സുരക്ഷ ഇപ്പോഴും തുടരുകയാണ്. പാനൂർ പത്തായക്കുന്ന് വാഗ്ഭടാനന്ദ ഗുരുദേവ വിലാസം വായനശാല ആന്റ് ഗ്രന്ഥാലയത്തിന് കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഒരു സംഘം അക്രമം നടത്തി. വായനശാലയുടെ ജനൽ ഗ്ലാസ്സ്എറിഞ്ഞുതകർത്തിട്ടുണ്ട്. വായനശാല ഭാരവാഹികൾ നൽകിയ പരാതികയിൽ കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തു. എൻ .ജി .ഒ യൂനിയൻ കണ്ണൂർ ജില്ലാ കൗൺസിലറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ ഓഫീസ് ജൂനിയർ സൂപ്രണ്ടുമായ പി. വിമൽ കുമാറിന്റെ കൊളശേരി വാവാച്ചി മുക്കിലെ വീടിന് നേരെ ഇന്നലെ പുലർച്ചെ 12.15നാണ് ഒരു സംഘം ബോംബെറിഞ്ഞത്. വീടിന്റെ മുൻവശത്തെ സിറ്റൗട്ടും ജനൽ ഗ്ലാസുകളും തകർന്നു. സി. പി . എം നേതാവ് പരേതനായ പി. വിജയന്റെ മകനാണ് വിമൽ കുമാർ .ബോംബേറ് നടക്കുമ്പോൾ വിമലും ഭാര്യയും വീട്ടിലുണ്ടായിരുന്നു.
ബി.ജെ.പി അനുഭാവി കതിരൂർ സ്വദേശി ശശിയുടെ ഉടമസ്ഥതയിലുള്ള പൊന്ന്യംപാലത്തിന് സമീപത്തെ ഗ്രിൽസ് കടയിലും അക്രമമുണ്ടായി. കടക്ക് പുറത്തുണ്ടായിരുന്ന സാധന സാമഗ്രികൾ പൂർണമായും സമീപത്തെ പൊതു കിണറിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. സമീപത്തെ സ്റ്റേഷനി കടയുടെ സി .സി .ടി .വി തകർത്തതിനു ശേഷമാണ് അക്രമം. ഷട്ടറിന്റെ പൂട്ട് അടിച്ചു പൊളിച്ച് ഷട്ടറും തകർത്തിട്ടുണ്ട്. ശശിയുടെ പരാതിയിൽ പാനൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തിപരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
ബി .ജെ .പി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയൻ താപ്രവന്റെ മുണ്ടാന്നൂരിലെ വീടിന് നേരെയും ആക്രമണമുണ്ടായി. ശനിയാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു ആക്രമണം. ഉളിക്കൽ ടൗണിൽ നടത്തിയ പ്രകടനത്തിന് ശേഷം സംഘടിച്ചെത്തിയ ഇരുപതോളം സി .പി .എമ്മുകാർ വീടിനു നേരെ കല്ലെറിയുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. ജയന്റെ പരാതിയിൽ ഉളിക്കൽ എസ് .ഐ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.