police-arranged-marriage

കണ്ണൂർ: വയസ് മുപ്പത് കഴിഞ്ഞല്ലോ, വിവാഹം കഴിക്കുന്നില്ലേ? നിരാശ നിറഞ്ഞ ചിരിയാണ് മറുപടി. എന്താ തടസം ? പെണ്ണു കിട്ടണ്ടേ...?

പാനൂരിലെ യുവാക്കളുടെ മാനസികാവസ്ഥ ഇതാണ്. രാഷ്ട്രീയ സംഘട്ടനങ്ങളുടെ രക്തക്കറ പുരണ്ട മണ്ണിൽ കഴിയുന്ന തങ്ങളുടെ കൈയിൽ പെണ്ണിനെ ഏൽപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാവില്ല. അതിനാൽ ഇങ്ങനെയങ്ങ് കഴിയാമെന്ന ചിന്ത.

എന്നാൽ, വിധിയെ പഴിച്ച് ജീവിതം കളയാൻ അവരെ അനുവദിക്കില്ലെന്ന വാശിയിലാണ് പാനൂർ പൊലീസ്. ഈ ചിന്താഗതി മാറ്റിയെടുക്കണം. വിവാഹ പ്രായം കഴിഞ്ഞ് 'പുര നിറഞ്ഞു നിൽക്കുന്ന' ആണുങ്ങളുടെ കണക്കെടുക്കലാണ് ആദ്യം. ഇതിന്റെ ആലോചനാ യോഗം കഴിഞ്ഞ മാസം നടന്നു. സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാരുടെ സഹായത്തോടെ മദ്ധ്യവേനലവധിക്കാലത്ത് സർവേ തുടങ്ങും.

പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓരോ വീട്ടിലും ഒരു സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ യുവാക്കൾക്ക് പൊലീസ് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം കുറച്ചു നാൾ മുമ്പ് ഏർപ്പെടുത്തി. ക്ളാസിൽ നല്ലൊരു പങ്കും മുപ്പതു വയസിനടുത്തെത്തിയവരും മുപ്പത് കഴിഞ്ഞവരും. അവർ തന്നെയാണ് തങ്ങളുടെ വേദന പങ്കുവച്ചത്.

പാനൂർ പൊലീസ് സർക്കിൾ പരിധിയിലെ ഒമ്പതിനായിരത്തോളം വീടുകളിലും വിദ്യാർത്ഥികൾ സർവേ നടത്തും. ഇവിടെ 30 ശതമാനം യുവാക്കളും പ്രായം കഴിഞ്ഞും അവിവാഹിതരായി കഴിയുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹം നടക്കില്ലെന്ന് ഇവർ സ്വയം തീരുമാനിച്ചുറപ്പിച്ചതു പോലെയാണ്. കുറച്ച് പേർ കർണാടകത്തിലെ കുടക് ജില്ലയിൽ നിന്നും മറ്റും കല്യാണം കഴിച്ചെങ്കിലും വലിയൊരു ശതമാനവും ക്രോണിക് ബാച്ചിലർമാരാണെന്ന് പൊലീസ് പറയുന്നു.

പാനൂരിലെ പെൺകുട്ടികൾക്ക് ചെറുക്കനെ കിട്ടാൻ ബുദ്ധിമുട്ടുള്ള കാലവുമുണ്ടായിരുന്നു. ചട്ടമ്പിനാട്ടിൽ നിന്ന് പെണ്ണെടുക്കാൻ ചെക്കന്മാരുടെ വീട്ടുകാർ മടിച്ചു. പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നിരന്തര ഇടപെടലിനെ തുടർന്നാണ് ആ പേരുദോഷം മാറ്റിയെടുത്തത്. എന്നാൽ, പെണ്ണു കിട്ടില്ലെന്ന ചിന്ത പാനൂരിലെ പുരുഷൻമാരെ വിട്ടുമാറിയിട്ടില്ലെന്നു മാത്രം.

പക വിട്ടൊഴിയുന്നു

അതേസമയം, പാനൂരുകാരുടെ മനസിൽ രാഷ്ട്രീയപ്പകയും വിദ്വേഷവും വിട്ടൊഴിയുന്നതിന്റെ ശുഭ സൂചനയാണ് ഇപ്പോൾ. കഴിഞ്ഞ ഹർത്താലിൽ കണ്ണൂർ ജില്ലയിൽ അക്രമം അരങ്ങു തകർത്തപ്പോൾ പാനൂർ സ്റ്റേഷൻ പരിധിയിൽ പൂർണ സമാധാനമായിരുന്നു. ഒരു കാലത്ത് ആജന്മ വൈരികളായിരുന്ന സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഇപ്പോൾ സഹകരിച്ച് പ്രവർത്തിക്കുന്നു. ക്രമസമാധാന പാലനത്തിനൊപ്പം നാട്ടുകാരുടെ ക്ഷേമവും കണ്ടുള്ള പൊലീസിന്റെ മാതൃകാ ഇടപെടൽ ഫലം കാണുകയാണ്. യുവാക്കളെ കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതും അതിന്റെ ഭാഗമാണ്.

'പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തവർ പാനൂർ മേഖലയിൽ ഒട്ടേറെയുണ്ട്. അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കൂടിയാണ് സർവേ''.

- വി.വി. ബെന്നി,

സർക്കിൾ ഇൻസ്‌പെക്ടർ, പാനൂർ