n-hari

കാസർകോട്: കൊല്ലൂർ മൂകാംബിക സംഗീതാരാധനാ സമിതിയുടെ ഈ വർഷത്തെ സൗപർണികാമൃതം പുരസ്‌കാരം പ്രശസ്ത മൃദംഗ വിദ്വാനും സംഗീതജ്ഞനുമായ എൻ. ഹരിക്ക്. 10,001 രുപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗായകൻ യേശുദാസിന്റെ 79-ാം പിറന്നാൾ ദിനമായ 10 ന് മൂകാംബിക ക്ഷേത്രത്തിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേത്യത്വത്തിൽ നടക്കുന്ന സംഗീതാരാധനയ്ക്കു ശേഷം പുരസ്‌കാരം യേശുദാസ് സമർപ്പിക്കും.

ചടങ്ങിൽ യേശുദാസിന്റെ കുടുംബാംഗങ്ങളും സംബന്ധിക്കും.

കോഴിക്കോട് ആകാശവാണി നിലയത്തിലെ മൃദംഗ വിദ്വാനാണ് കോഴിക്കോട് സ്വദേശിയായ എൻ. ഹരി. സംഗീതരംഗത്ത് ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പ്രൊഫ. പി.ആർ കുമാര കേരളവർമ്മ, കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, കൃഷ്ണനാട്ടം കലാകാരൻ പി.ആർ ശിവകുമാർ എന്നിവരാണ് നേരത്തേ സൗപർണികാമൃതം പുരസ്‌കാരം നേടിയിട്ടുള്ളത്. വാർത്താ സമ്മേളനത്തിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ചെയർമാൻ വി.വി. പ്രഭാകരൻ, സെക്രട്ടറി സന്തോഷ് കമ്പല്ലൂർ എന്നിവർ സംബന്ധിച്ചു.