കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകി വരുന്ന സംസ്ഥാനത്തെ സ്പെഷൽ സ്‌കൂളുകളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ഈ മാസം 17ന് ജില്ലാ കലക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ സ്പെഷൽ സ്‌കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ജില്ലാതല കൂട്ടായ്മ തീരുമാനിച്ചു.

സ്പെഷൽ സ്‌കൂളുകളുടെ ക്ഷേമത്തിനായുള്ള 84 കോടി രൂപയുടെ പാക്കേജ് ഈ അധ്യയനവർഷം തന്നെ നടപ്പിലാക്കുക, അധ്യാപക അധ്യാപകേതര ജീവനക്കാർക്ക് തുല്യവേതനം നൽകാൻ നടപടിയെടുക്കുക, 18 വയസ് കഴിഞ്ഞ സ്പെഷൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനവും അർഹമായ തൊഴിൽ അവസരങ്ങളുമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 17ന് കലക്ടറേറ്റ് മാർച്ചും തുടർന്ന് 25 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ തുടർച്ചയായ സത്യാഗ്രഹ സമരവുംനടത്തുന്നത്.

സ്‌കൂൾ മാനേജ്മെന്റുകൾ, രക്ഷാകർത്താക്കൾ, അധ്യാപക അധ്യാപകേതര ജീവനക്കാർ എന്നിവരുടെ സംയുക്ത യോഗത്തിൽ പെയ്ഡ് വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം.സി. ജേക്കബ്, എം.ബി.എം. അഷറഫ്, സിസ്റ്റർ ജിസ്മരിയ, ആർ. ഷൈനി, എൻ. സുരേഷ്, ബീന സുകു, കെ. ചിണ്ടൻ എന്നിവർ പ്രസംഗിച്ചു. സംയുക്ത സമിതി ചെയർമാനായി റോട്ടറി സ്പെഷ്യൽ സ്‌കൂൾ ഡയറക്ടർ എം.സി. ജേക്കബിനെയും കൺവീനറായി ചിറ്റാരിക്കാൽ ജ്യോതിഭവൻ സ്പെഷൽ സ്‌കൂൾ മാനേജർ എ.ടി. ജേക്കബിനെയും തിരഞ്ഞെടുത്തു.