കാസർകോട്: അടുത്ത മാസവും ജൂണിലും വീണ്ടും പട്ടയ മേള നടത്തുമെന്നും കയ്യേറ്റക്കാരുടെ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ചട്ടത്തിൽ വ്യക്തത വരുത്തി പട്ടയം നൽകുമെന്നും കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിലെ പട്ടയ മേള ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ലാന്റ് ട്രിബ്യൂണൽ, ദേവസ്വം ട്രിബ്യൂണൽ എന്നിവിടങ്ങളിൽ കെട്ടികിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി ഒരു മാസത്തിനകം പട്ടയം നൽകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ജൂണിൽ വീണ്ടും പട്ടയമേള നടത്തി അവശേഷിക്കുന്നവർക്ക് കൂടി പട്ടയം നൽകുന്നതോടെ ഭൂമിയില്ലാത്തവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. 2017 മെയിൽ നടത്തിയ പട്ടയമേളയിൽ 2247 പേർക്ക് പട്ടയം നൽകിയിരുന്നു. റവന്യു ദിനത്തോട് അനുബന്ധിച്ച് 1079 പേർക്ക് കൂടി പട്ടയം നൽകി. ഇത്തരത്തിൽ ജില്ലയിൽ 5500 പേർക്കാണ് ഭൂമി നൽകിയത്.

ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, നഗരസഭ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, സബ്കളക്ടർ അരുൺ കെ. വിജയൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹരീഷ് ബി. നമ്പ്യാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എ. കുഞ്ഞിരാമൻ നായർ, സി.വി. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു സ്വാഗതവും കാസർകോട് ആർ.ഡി.ഒ. പി.എ. അബ്ദുൾ സമദ് നന്ദിയും പറഞ്ഞു.

പടം: മുൻസിപ്പൽ ടൗൺ ഹാളിലെ പട്ടയമേള മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.