sreedharan-pillai

തലശ്ശേരി: സംസ്ഥാനത്തുണ്ടായ അക്രമങ്ങൾ ആസൂത്രിതമാണെന്നും സത്യാവസ്ഥ തെളിയിക്കാൻ ശബരിമലയിൽ യുവതികളെത്തിയ കാര്യങ്ങളിലടക്കം ജുഡിഷ്യൽ അന്വേഷണം വേണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. സംഘർഷങ്ങളിൽ തകർക്കപ്പെട്ട ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ വീടുകൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ പേശീബലത്തിനു മുന്നിൽ മുട്ടുമടക്കാൻ ബി.ജെ.പി പ്രവർത്തകർ തയ്യാറല്ല. വിശ്വാസം ഭരണഘടനാപരമായ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. ബി.ജെ.പി പ്രവർത്തകരെ രണ്ടാം തരം പൗരന്മാരായി കാണുന്ന ഭരണമാണ് കേരളത്തിലേത്. സി.പി.എം കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നു. 30,000 ത്തോളം പ്രവർത്തകരെ കേസിൽ കുടുക്കി. അയ്യായിരത്തോളം പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതെല്ലാം വിശദീകരിച്ച് ഗവർണർക്കും കേന്ദ്ര സർക്കാരിനും റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെ വീട്ടിൽ നിന്നു കാറിൽ രാവിലെ 9.10 ഓടെ തലശ്ശേരിയിലെത്തിയ അദ്ദേഹം ആർ.എസ്.എസ് വിഭാഗ് സംഘചാലക് കൊളക്കോട് ചന്ദ്രശേഖരന്റെ തിരുവങ്ങാട് ക്ഷേത്ര ചിറവക്കത്തെ വീടാണ് ആദ്യം സന്ദർശിച്ചത്. പിന്നീട് ബി.ജെ.പി ജില്ലാ സെക്രട്ടറി എൻ. ഹരിദാസ്, വി. മുരളീധരൻ എം.പി, യുവമോർച്ചാ നേതാവ് റിത്വിക് എന്നിവരുടെ വീടുകളിലുമെത്തി വിവരങ്ങൾ തിരക്കി. ബി.ജെ.പി നേതാക്കളായ പി. സത്യപ്രകാശ്, കെ. രഞ്ജിത്, എൻ. ഹരിദാസ്, അഡ്വ. വി. രത്നാകരൻ, എം.പി. സമേഷ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.