പാനൂർ: കൊളവല്ലൂർ എസ്.ഐ ബി. രാജഗോപാലും സംഘവും നടത്തിയ റെയ്ഡിൽ ചേരിക്കൽ ക്വാറി ഭാഗത്തു നിന്നും കണ്ടെടുത്തത് ഉഗ്രസ്‌ഫോടനശേഷിയുള്ള നാടൻ ബോംബുകൾ . അടുത്തിടെ നിർമ്മിച്ചതാണ് ഇവയെന്നാണ് വിദഗ്ദർ നൽകുന്ന സൂചന. ഇത്തരത്തിലുള്ള പതിനെട്ടെണ്ണമാണ് രാഷ്ട്രീയസംഘർഷത്തിന്റെ പ്രധാന വേദികളിലൊന്നായ ഇവിടെ നിന്ന് ലഭിച്ചത്.
ബോംബ് നിർമ്മാണകേന്ദ്രവും ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.വാഹന സൗകര്യം പോലും ഇല്ലാത്ത, എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലമാണിത്. അനധികൃത ക്വാറികൾ ഏറെയുള്ളതിനാൽ ഉഗ്രസ്‌ഫോടനശേഷിയുള്ള വെടിമരുന്നുൾപ്പെടെ ഇവിടെ സുലഭമായി ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ കൊളവല്ലൂർ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
അഡീ എസ് ഐ രാജൻ, ഡോംഗ് സ്‌ക്വാഡ് എസ്.ഐ ഫ്രാൻസിസ്, എ.കെ ഗിരീഷ്, കെ.സുകേഷ്, പി.അഷ് റഫ്, സി.ബൈജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.ബോംബുകൾ പിടികൂടിയതറിഞ്ഞ് തലശേരി എ.എസ്.പി അരവിന്ദ് സുകുമാരൻ, പാനൂർ സി.ഐ വി .വി. ബെന്നി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
സ്‌നേഹ വീടിന്റെ താക്കോൽ കൈമാറി
പാനൂർ :ചെണ്ടയാട് 66 ൽ മൂന്നു കണ്ടത്തിൽ അജിത്ത് കുമാറിന്റെയും ലീലയുടെയും കുടുംബത്തിന് സി. പി . എം പുത്തൂർ ലോക്കൽ കമ്മിറ്റി പണിതു നൽകുന്ന സ്‌നേഹ വീടിന്റെ താക്കോൽ കൈമാറൽ ജില്ല സെക്രട്ടറി പി .ജയരാജൻ നിർവ്വഹിച്ചു.നിർമ്മാണ കമ്മിറ്റി ചെയർമാൻ എൻ .അനിൽ കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒരു പാർട്ടി ലോക്കലിൽ അർഹതപ്പെട്ട കുടുംബത്തിന് ഒരു വീട് എന്ന പദ്ധതി പ്രകാരമാണ് വീട് നിർമ്മാണം ആരംഭിച്ചത്.
പാർട്ടി ഘടകങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ എഴു ലക്ഷത്തോളം രൂപ ചിലവഴിച്ചു ആറു മാസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വീടില്ലാത്തതിനാൽ മകളുടെ വിവാഹവും അനിശ്ചിതമായി നീണ്ടുപോകുന്നതിനിടയിലാണ് വീടു നിർമ്മിച്ചു നൽകാൻ സി.പി.എം ലോക്കൽ കമ്മിറ്റി മുന്നോട്ടു വന്നത്. ഈ മാസം 14ന് മകളുടെ കല്യാണവും ഈ വീട്ടുമുറ്റത്ത് വച്ചു നടക്കും. ജില്ല സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, ജില്ല കമ്മിറ്റിയംഗം കെ.കെ. പവിത്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തംഗം ചന്ദ്രി പതിയന്റെവിടെ എന്നിവർ സംസാരിച്ചു.പുത്തൂർ ലോക്കൽ സെക്രട്ടറി പ്രജീഷ് പൊനത്ത് സ്വാഗതവും കെ.പി.പുരുഷു നന്ദിയും പറഞ്ഞു.