കണ്ണൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് ജില്ലയിലും പൂർണം. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് സർവ്വീസ് നടത്തിയത്. കെ. എസ്. ആർ.ടി.സിയും സർവ്വീസ് നടത്തിയില്ല.
വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ ട്രെയിൻ തടഞ്ഞത് സർവീസിനെ ബാധിച്ചു. ട്രെയിനുകൾ പലതും മണിക്കൂറുകൾ വൈകിയാണ് ഓടിയത്. രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ചെന്നൈ മംഗലാപുരം മെയിൽ തടഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് താവം ബാലകൃഷ്ണൻ, വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ കെ. ജയരാജൻ, എം. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. റെയിൽവേസ്റ്റേഷൻ പരിസരത്ത് നിന്നും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രകടനം തെക്കിബസാറിൽ സമാപിച്ചു. തെക്കിബസാറിൽ പൊതുയോഗവുമുണ്ടായി. കെ.പി. സഹദേവൻ, താവം ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പയ്യന്നൂർ പെരുമ്പയിൽ നൂറോളം ചരക്കുലോറികൾ സമരാനുകൂലികൾ തടഞ്ഞു. തലശ്ശേരിയിലും പയ്യന്നൂരിലും ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ട്രെയിൻ തട‌ഞ്ഞു.അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയായ ജെ.ഇ. മെയിൻ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ പലരും വാഹനം കിട്ടാതെ വലഞ്ഞു. പൊലീസ് വാഹനങ്ങളിലും മറ്റുമാണ് വിദ്യാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാനെത്തിയത്. രണ്ടാംഘട്ട ജെ.ഇ. പരീക്ഷ ഇന്നു കൂടിയുണ്ട്.

കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഏതാനും കടകൾ രാവിലെ തുറന്നുവെങ്കിലും ആളില്ലാത്തതിനെ തുടർന്ന് ഉച്ചയോടെ അടച്ചു. കണ്ണൂർ തെക്കിബസാറിൽ ചില ഹോട്ടലുകൾ തുറന്നത് ആശ്വാസമായി. ഇതര സംസ്ഥാന തൊഴിലാളികൾക്കും ആശ്രയമായത് ഇത്തരം ഹോട്ടലുകളാണ്. ജയിൽ ബിരിയാണി വിൽപ്പനയും സാധാരണ പോലെ നടന്നു.