നീലേശ്വരം: പണിമുടക്കിൽ ജോലി മുടങ്ങിയതിനെ പലരും പഴിക്കുമ്പോൾ നീലേശ്വരത്തെ ഒരു കൂട്ടർക്ക് ഇതൊന്നും ബാധകമേയല്ല. രാവിലെ ഒരു കൂട്ടയുമായി തേജസ്വിനി കരയിലെത്തിയാൽ ഇവർ മടങ്ങുന്നത് നിറയെ ഇളമ്പക്കയുമായിട്ടാകും. പാലായി, നീലായി, കണിയാട, അരയാക്കടവ്.കിണാവൂർ എന്നിവിടങ്ങളിലെ തുരുത്തുകൾ കേന്ദ്രീകരിച്ചാണ് ഹർത്താൽ ദിനത്തെ വിനോദം. വേലിയിറക്കത്തിൽ വെള്ളം കുറഞ്ഞ തുരുത്ത് കേന്ദ്രീകരിച്ച് മണിക്കൂറുകൾക്കകം അഞ്ച് കിലോയോളം ഇളമ്പക്ക ശേഖരിച്ച് ഇവർ മടങ്ങും.

ഇളമ്പക്ക കറിയ്ക്ക് പ്രത്യേകം രുചിക്കൂട്ടില്ലാത്തതിനാൽ പണിമുടക്ക്, ഹർത്താൽ ദിവസങ്ങളിൽ എത്തുന്ന ആൾക്കാരുടെ എണ്ണം കൂടുകയാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങിയ സംഘം വിദൂര സ്ഥലങ്ങളിൽ നിന്നുവരെ എത്തുന്നുണ്ട്. ചിലവില്ലാതെ നല്ല കറി ലഭിക്കുമെന്നതിനാൽ എല്ലാവരും ഹാപ്പി തന്നെ.