തളിപ്പറമ്പ: ധർമശാലയിൽ 16.400 കിലോ കഞ്ചാവുമായി കുറുമാത്തൂർ സ്വദേശിയും ചുഴലിയിൽ താമസക്കാരനുമായ സി. ജാഫർ, (45) ചപ്പാരപ്പടവ് സ്വദേശിയും തളിപ്പറമ്പ് കാര്യാമ്പലത്ത് താമസക്കാരനുമായ അലി അക്ബർ (35) എന്നിവരെ തളിപ്പറമ്പ് ‌‌ഡിവൈ.എസ്.പി കെ.വി. വേണു ഗോപാലന്റെ നേതൃത്വത്തിൽ പൊലിസ് പിടികൂടി.സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ധർമ്മശാല എൻജിനിയറിംഗ് കോളേജിന് സമീപം വാഹന പരിശോധനക്കിടെ പ്രതികളെ പിടികൂടിയത് കണ്ണൂരിൽ നിന്നും പറശ്ശിനിക്കടവ് ഭാഗത്തെക്ക് പോകുകയായിരുന്ന വെള്ളമാരുതി വാഗണർ കാറിൽ അഞ്ച് പൊതികളിലാക്കി വലിയ സ്യൂട്ട് കേസിൽ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ഇവരെ പിടികൂടിയത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപത്തെ നർസിപട്ടണത്ത് നിന്നാണ് ഇത് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു. ഇതിന് മൂന്ന് ലക്ഷത്തോളം രൂപ വില വരും .ഡിവൈ. എസ് .പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. തളിപ്പറമ്പിലെ ചെറുകിടവിൽപ്പനക്കാരെ ഏൽപ്പിക്കാനായിരുന്നു പ്രതികൾ എത്തിയത്.പിടിയിലായവരിൽ ജാഫറിന്റെ പേരിൽ കോഴിക്കോട് മാഹി മദ്യം കൈവശം വച്ചതിനും കൊയിലാണ്ടിയിൽ കളവ് ചെയ്ത മൊബൈൽ ഫോൺ വാങ്ങിയതിനും കേസുണ്ട്.ഈയാൾ കുറുമാത്തൂരിൽ റോഷ്‌നി എൽ. ഇ. ഡി ഷോപ്പ് ഉടമയാണ്. അലി അക്ബറിന്റെ പേരിൽ ചെറുപുഴയിലെ ഒരു കൊലക്കേസിലെ സ്വർണ്ണം വിറ്റതിന് പുറമെ 12 കളവ് കേസുകളുമുണ്ട്. തളിപ്പറമ്പ് സി .ഐ കെ. ജെ. വിനോയ്, എസ് .ഐ കെ. ദിനേശൻ, എസ്.പിയുടെ സ്‌ക്വാർഡിലെ കെ. സുഭാഷ് , മഹേഷ്, മിഥുൻ, അജിത്ത്, എ. എസ് ഐ. മാത്യു, സീനിയർ സി .പി. ഒ അബ്ദുൾ മുത്തലിബ്, സി .പി .ഒമാരായ നിഷാൽ, രമേശൻ, എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

തളിപ്പറമ്പ് തഹസിൽദാർ എം. മുരളിയുടെ സാന്നിധ്യത്തിൽ കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി മഹസർ തയ്യാറാക്കി. ജില്ലയുടെ പല ഭാഗത്തും വിദ്യാർത്ഥികളെ ലക്ഷ്യമാക്കി കഞ്ചാവ് എത്തിക്കുന്നത് ജാഫറും അലി അക്ബറുമാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

പടം. പിടികൂടിയ കഞ്ചാവ് , പ്രതികളായ, ജാഫർ ' അലി അക്ബർ