കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങളുടെ 50,000 രൂപ വരെയുള്ള അർഹമായ കടബാധ്യതകൾ എഴുതിത്തള്ളുന്നതിനായി 1,54,44,331 രൂപ ബന്ധപ്പെട്ട ബാങ്കുകൾക്ക് അനുവദിക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയായതായി എൻഡോസൾഫാൻ സെൽ യോഗത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടാത്ത മാരക രോഗങ്ങൾ ഉണ്ടെന്നുകണ്ടെത്തിയ 505 പേർക്ക് ചികിത്സാ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

കടബാദ്ധ്യത എഴുതിത്തള്ളുന്നതിനുള്ള തുക കളക്ടറുടെ ട്രഷറി അക്കൗണ്ടിൽ നിന്ന് വിവിധ ബാങ്കുകൾക്ക് അനുവദിച്ചു. ബന്ധപ്പെട്ട കടക്കാരന്റെ കടം അടവുവരുത്തി 'ബാധ്യതാരഹിത സാക്ഷ്യപത്രം' ഉടനെ ലഭ്യമാക്കാൻ ബാങ്കുകൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 2017 ലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തവരിൽ നിന്നും 287 പേരെ നേരത്തേ ദുരിതബാധിതപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് 1618 പേരെയാണ് ഈ കാലയളവിൽ പുനഃപരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. അതിൽ മാരകമായ അസുഖമുള്ള ദുരിതബാധിതപട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന 76 പേരെ കണ്ടെത്തുകയും ചെയ്തു. ഇവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അർഹരായവർക്ക് ദേശീയ മനുഷ്യാവാകാശ കമ്മിഷൻ ശുപാർശ പ്രകാരമുള്ള തുക സർക്കാരിൽ നിന്നും അനുവദിച്ച് കിട്ടുന്നതിനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ജില്ലയിലെ 6211 ദുരിത ബാധിതർക്കാണ് ഇങ്ങനെ വിവിധതരം സഹായങ്ങൾ ലഭിക്കുന്നത്.
പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിൽ ബാരലുകളിൽ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട എൻഡോസൾഫാൻ നശിപ്പിക്കുന്നതിന് വിദഗ്ധരുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടതായി ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു യോഗത്തെ അറിയിച്ചു. നിലവിലെ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം എൻഡോസൾഫാൻ ദുരിതബാധിതരെ പ്രത്യേകം പരിഗണിച്ചിട്ടില്ലാത്തതിനാൽ എല്ലാ കുടുംബങ്ങളെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കളക്ടർ യോഗത്തെ അറിയിച്ചു. 1134 ദുരിതബാധിതരെ കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.