കാസർകോട്: ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് കാസർകോട് ജില്ലയെ നിശ്ചലമാക്കി. ചെറുവത്തൂരിലും കാഞ്ഞങ്ങാടും തീവണ്ടികൾ തടഞ്ഞു. ചെറുവത്തൂരിൽ രാവിലെ മംഗളരുവിലേക്ക് പോകുന്ന മലബാർ എക്സ്പ്രസും കാഞ്ഞങ്ങാട് ഉച്ചയോടെ ചെന്നൈ മംഗളുരു മെയിൽ വണ്ടിയുമാണ് തടഞ്ഞിട്ടത്. തീവണ്ടികൾ തടഞ്ഞതോടെ ട്രെയിൻ ഗതാഗതവും താറുമാറായി.

ഹർത്താലിന് സമാനമായ സാഹചര്യമാണ് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും നഗരങ്ങളിലും ഉണ്ടായത്. നഗരങ്ങളിൽ മാത്രമല്ല നാട്ടുമ്പുറങ്ങളിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും അടക്കമുള്ള വാഹനങ്ങളൊന്നും നിരത്തിൽ ഇറങ്ങിയില്ല. ഇരുചക്ര വാഹനങ്ങൾ ഒഴിച്ച് ഓട്ടോ ടാക്സി വാഹനങ്ങൾ വരെ പണിമുടക്കിൽ പങ്കെടുത്തു. ദേശീയപാതയിൽ നാഷണൽ പെർമിറ്റ് ലോറികൾ ഏതാനും ചിലത് ഓടിയിരുന്നു. പിന്നീട് അവയും നിശ്ചലമായി. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു.

ജില്ലാ കളക്ട്രേറ്റ്, ജില്ലയിലെ കാസർകോട്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് , മഞ്ചേശ്വരം താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ പണിമുടക്ക് പൂർണമായിരുന്നു. ജീവനക്കാർ ഹാജരായത് വളരെ കുറവായതിനാൽ ഓഫീസുകളുടെ പ്രവർത്തനം ഭാഗികമായി. ജോലിക്ക് ഹാജരാകാൻ ആഗ്രഹമുള്ള ജീവനക്കാർക്കാണെങ്കിൽ യാത്രാസൗകര്യം ഇല്ലാത്തതിനാൽ എത്തിപ്പെടാനും കഴിഞ്ഞിരുന്നില്ല. വ്യാപാര വ്യവസായ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നിരുന്നു. സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയത് കുറവായിരുന്നു.

ചെറുവത്തൂർ, തൃക്കരിപ്പൂർ, നീലേശ്വരം നഗരങ്ങളും പണിമുടക്കിൽ നിശ്ചലമാണ്. കാസർകോട് കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ ആരും എത്താതിരുന്നതിനാൽ ബസ് സർവീസുകൾ പൂർണ്ണമായും മുടങ്ങി. പണിമുടക്കിയ തൊഴിലാളികൾ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി ടി.കെ രാജൻ, കെ.വി കൃഷ്ണൻ, ടി. കൃഷ്ണൻ, കരിവെള്ളൂർ വിജയൻ, മോഹൻകുമാർ പാടി,ഷെരീഫ് കൊടവഞ്ചി, സുബൈർ പടുപ്പ്, ഉമേഷ് അണങ്കൂർ, സി.വി ചന്ദ്രൻ, സുരേഷ് പുതിയേടത്ത്, മുസ്തഫ തോരവളപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.