ഇരിട്ടി: കനത്ത വിലത്തകർച്ചയും പരിപാലനച്ചിലവിലെ വർദ്ധവും കൊണ്ട് നട്ടെല്ലൊടിഞ്ഞുനിൽക്കുന്ന മലയോര റബ്ബർ കർഷകരെ ഞെട്ടിച്ച് പുതിയ ശത്രുവിന്റെ രംഗപ്രവേശം. മേഖലയിൽ റബർ മരങ്ങൾ വ്യാപകമായി ഉണങ്ങി നശിക്കുന്നതിന് പിന്നിൽ അംബ്രോസിയ വണ്ടുകളുടെ വിഭാഗത്തിൽപ്പെടുന്ന യുപ്ലാറ്റിപ്പസ് പാരലേല്ലസ് എന്ന വിദേശകീടമാണെന്ന് കാർഷികശാസ്ത്രജ്ഞർ സ്ഥിരീകരിച്ചതോടെയാണിത്.കൃഷിയെ പാടെ നശിപ്പിക്കുമെന്നതിനാൽ വലിയ ആശങ്കയാണ് മേഖലയിലുണ്ടായിരിക്കുന്നത്.

കേടു വന്ന തോട്ടങ്ങളിൽ പരിശോധന നടത്തിയ വെള്ളായണി കാർഷിക സർവകലാശാലയിലെ അസി.പ്രഫസറും എൻഡമോളജിസ്റ്റുമായ ഡോ.കെ.ഡി.പ്രതാപനാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള പഠനറിപ്പോർട്ട് സർവകലാശാല മേധാവികൾ മുഖേന സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ളത്. എൺപതിലേറെ ഇനത്തിൽപ്പെട്ട മരങ്ങളെ നശിപ്പിക്കുന്നതാണ് ഈ കീടം.
തെക്ക അമേരിക്കയിൽ നിന്നാണ് ഇവ രാജ്യത്തെത്തിയിരിക്കുന്നത്. അപകടകാരിയായ ഇത് ചൈന ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ബ്രസീലിൽ റബർ കൃഷിയെ വ്യാപകമായി നശിപ്പിച്ച ഈ കീടം തായ്‌ലൻഡിൽ വേങ്ങ വർഗത്തിൽപ്പെട്ട മരങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കിയിരുന്നു.

യൂപ്ലാറ്റിപ്പസ് വണ്ടുകൾ മരങ്ങളെ ഉണക്കി നശിപ്പിക്കുന്ന ഫ്യൂസേറിയം എന്ന കുമിളിന്റെ വാഹകർ കൂടിയാണെന്നതും കീട ബാധയുടെ ഗൗരവം വർധിപ്പിക്കുന്നു. സാധാരണ അംബ്രോസിയ വണ്ടുകൾ ആരോഗ്യം ക്ഷയിച്ചതോ, വെട്ടിയിട്ടതോ ആയ വൃക്ഷങ്ങളെയാണ് ആക്രമിക്കുന്നത്. എന്നാൽ യൂപ്ലാറ്റിപ്പസ് വണ്ടുകൾ ആരോഗ്യമുള്ള മരങ്ങളെയും നശിപ്പിക്കും. തടിയ്ക്കുള്ളിലേക്ക് കൂട്ടത്തോടെ തുരന്നു കയറി മുട്ടിയിട്ട് പെരുകുകയാണ് രീതി. തായ്ത്തടി തുരന്ന് വൃക്ഷത്തിന്റെ മധ്യഭാഗം വരെ എത്തും. പ്രത്യേക തരം കുമിളാണ് ഇവയുടെ പുഴുക്കളുടെ ഭക്ഷണം. രണ്ടു മില്ലീമിറ്ററോളം മാത്രം വ്യാസത്തിൽ തടിയ്ക്കുള്ളിലാകമാനം ഉള്ള ഇവയുടെ മാളങ്ങളിൽ വണ്ടുകളെ കൂടാതെ മുട്ട, പുഴു, സമാധി എന്നിവയും ഉണ്ടാവും.
കീടത്തിന്റെ ആക്രമണം മൂലം മരത്തിലുണ്ടാകുന്ന ചെറുദ്വാരത്തിലൂടെ മരപ്പൊടി പുറത്തേക്ക് വരുന്നതാണ് ആദ്യലക്ഷണം. തുടർന്ന് 34 മാസത്തിനകം ഇല കൊഴിയുകയും മരം വാടി ഉണങ്ങി പോകുകയും ചെയ്യും. വെട്ടുപട്ടയുടെ ഉയരത്തിൽ ആക്രമണം ആരംഭിക്കുന്ന വണ്ട് പിന്നീട് തായ്ത്തടിയിൽ ആകമാനം വ്യാപിക്കുന്നു. ടാപ്പ് ചെയ്യുന്ന മരങ്ങളിലാണ് കീട ബാധയുണ്ടാകാനുള്ള സാധ്യത കൂടുതൽ. അയ്യൻകുന്ന് പഞ്ചായത്തിലാണ് മേഖലയിൽ രോഗബാധ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെ അഞ്ചിൽ ഒന്നു മരങ്ങളും പൂർണമായി നശിച്ചിട്ടുണ്ട്. ഇതേ കീടം മഹാഗണിയിലും വെട്ടിയിട്ട പ്ലാവിലും കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിൽ കാണുകയുണ്ടായി. കാസർകോട് ജില്ലയിലെ കമുകു തോട്ടത്തിലും ഇവയെ കണ്ടെത്തി.
2012 ൽ ഇന്ത്യയിൽ ആദ്യമായി ഗോവയിൽ കശുമാവിൻ തോട്ടത്തിലാണ് ഇവയെ ആദ്യം കണ്ടെത്തുന്നത്. ഇന്ത്യയിൽ ആദ്യമായി റബറിനെ ബാധിക്കുന്നത് ആദ്യമായാണ്. സമീപ കാലത്തെ കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച അനുകൂല സാഹചര്യം കീടത്തിന്റെ വൻതോതിലുള്ള വംശവർദ്ധനവിന് വഴിയൊരുക്കിയെന്നാണ് പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. തടിയ്ക്കുള്ളിൽ വണ്ടുകൾ പ്രവേശിച്ചു കഴിഞ്ഞാൽ കീടനാശിനി പ്രയോഗം ഫലപ്രദമാവുകയില്ല. ഫലപ്രദമായ നിയന്ത്രണ മാർഗങ്ങൾ ഇനിയും വികസിപ്പിച്ചെടുത്തിട്ടില്ലെന്നത് ഭീഷണിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. അയ്യൻകുന്ന് മുടയിരഞ്ഞിയിൽ റബർ മരങ്ങൾ ഉണങ്ങിപോകുന്നതിൽ നിരീക്ഷണം നടത്തിയ ജോർജ് കിളിയന്തറ നൽകിയ നിവേദനത്തെ തുടർന്നാണ് എൻഡമോളജിസ്റ്റ് സ്ഥലത്തെത്തി പഠനം നടത്തിയത്.