കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിന്റെ രണ്ടാംദിനവും ജില്ല നിശ്ചലം. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയെങ്കിലും കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളാകെ നിശ്ചലമായിരുന്നു. വിവിധ സ്റ്റേഷനുകളിൽ രണ്ടാംദിവസവും ട്രെയിൻ തടഞ്ഞത് സർവീസിനെ ബാധിച്ചു.
ഇന്നലെ രാവിലെ 9.30ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ- മംഗലാപുരം മെയിൽ സമരക്കാർ തടഞ്ഞു. കഴിഞ്ഞദിവസവും ഈ ട്രെയിനാണ് തടഞ്ഞിരുന്നത്. റെയിൽവേ സ്റ്റേഷനിൽ സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തുനീക്കുകയായിരുന്നു.സമരം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, എ.ഐ.ടി.യു.സി നേതാവ് സന്തോഷ് കുമാർ, അരക്കൻ ബാലൻ, കെ. ജയരാജൻ, എം. ഉണ്ണികൃഷ്ണൻ, കെ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രകടനം തെക്കിബസാറിൽ പൊതുയോഗത്തോടെ സമാപിച്ചു.
നഗരത്തിൽ ചില കടകൾ തുറന്നുവെങ്കിലും തിരക്ക് നന്നേ കുറവായിരുന്നു. ഗ്രാമപ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടന്നു. അത്യാവശ്യം ചരക്കുലോറികൾ ദേശീയപാത വഴി കടന്നുപോയി. കടകളും ഹോട്ടലുകളും മിക്കതും അടഞ്ഞുകിടന്നതോടെ രണ്ടാംദിവസവും കണ്ണൂരിൽ ഹർത്താൽ പ്രതീതിയായിരുന്നു. അപൂർവം ഹോട്ടലുകൾ തുറന്നത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി. സർക്കാർ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. വിദ്യാലയങ്ങളും അടഞ്ഞുകിടന്നു.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ ഭാഗത്ത് നിന്നും 9.34 ന് എത്തിയ മംഗലാപുരം കോഴിക്കോട് പാസഞ്ചറാണ് രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ നൂറോളം വരുന്ന സമരക്കാർ തടഞ്ഞിട്ടത്. ട്രെയിൻ ഏതാണ്ട് അര മണിക്കൂറോളം നിർത്തിയിടേണ്ടി വന്നു. സി.ഐ.ടി.യു നേതാവ് കെ. മനോഹരൻ സമരം ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് പാലക്കൽ സഹീർ അദ്ധ്യക്ഷത വഹിച്ചു. എം.കെ. ഗോപി, ടി.പ്രസാദ്, പൊന്ന്യം കൃഷ്ണൻ, ഇ.വിജയൻ തുടങ്ങിയവർ സംസാരിച്ചു. ട്രെയിൻ തടഞ്ഞതിന് തിരിച്ചറിഞ്ഞ 6 നേതാക്കൾക്കും കണ്ടാലറിയാവുന്ന 94 പ്രവർത്തകർ ഉൾപെടെ 100 പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ടി.പി.ശ്രീധരൻ, വി.പി.സജീവൻ, എസ്.ടി.ജയ്‌സൺ, കെ.മോഹനൻ, കണ്ട്യൻ സജീവൻ നേതൃത്വം നൽകി.പണിമുടക്കിന്റെ ആദ്യദിവസവും തലശേരിയിൽ സമരക്കാർ ട്രെയിൻ തടഞ്ഞിരുന്നു. പയ്യന്നൂരിൽ തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസാണ് സമരക്കാർ തടഞ്ഞത്. സംഭവത്തിൽ എട്ടുപേരെ അറസ്റ്റുചെയ്തു.