കാഞ്ഞങ്ങാട്: പകൽ സമയത്തെ ചൂട് കൂടിയതോടെ അഗ്നിശമന സേന പ്രവർത്തകർ നെട്ടോട്ടത്തിൽ. അടുത്തദിവസങ്ങളിൽ കാഞ്ഞങ്ങാട് ഫയർഫോഴ്സ് 15 ഇടങ്ങളിലാണ് തീയണക്കാൻ ഓടിയെത്തിയത്. ദിവസവും ശരാശരി നാലു കേസുകൾ ഉണ്ടാകുന്നു.
വേനൽ ചൂടു കൂടുന്നതോടെ ഫയർഫോഴ്സുകാർക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളുമാണ് കാഞ്ഞങ്ങാട് ഫയർഫോഴ്സിന്റെ പ്രവർത്തന പരിധി. അതുകൊണ്ടു തന്നെ ഇവിടങ്ങളിലെല്ലാം ഓടിയെത്താൻ പ്രയാസപ്പെടുകയാണെന്ന് സ്റ്റേഷൻ ഓഫീസർ സി.പി രാജീവൻ പറയുന്നു.കാഞ്ഞങ്ങാട് യൂണിറ്റിലെ അംഗബലവും കുറവാണ്. 24 ഫയർമാന്മാർ വേണ്ടിടത്ത് 18 പേരാണുള്ളത്. എമർജൻസി വാഹനമുൾപ്പെടെ അഞ്ച് വാഹനങ്ങളുണ്ടെങ്കിലും ഡ്രൈവർമാർ ആറുപേരെ ഉള്ളൂ. ചുരുങ്ങിയത് പത്തുപേരെങ്കിലും വേണം. നേരത്തെ ഏഴു പേരുണ്ടായതിൽ ഒരാളെ വർക്കിംഗ് അറേജ്മെന്റിന്റെ പേരിൽ കുറ്റിക്കോലിലേക്ക് മാറ്റിയിട്ടുണ്ട്.
കുന്നിൻ പുറങ്ങളിലെ തീപിടുത്തമാണ് വേനൽകാലത്ത് കൂടുതലായി ഉണ്ടാവുന്നത്. ദേശീയപാതയോരത്തും മറ്റും പരന്നു കിടക്കുന്ന പുല്ലുകൾക്ക് തീ പിടിക്കുക പെട്ടെന്നാണ്. പുല്ലായതുകൊണ്ട് പെട്ടെന്ന് പടരുകയും ചെയ്യും. ഫയർഫോഴ്സ് എത്താതിരുന്നാൽ അതേറെ വിമർശനത്തിനും കാരണമാകും. അതു കൊണ്ടുതന്നെ ഉള്ളവരെ വച്ച് പരമാവധി സേവനം ചെയ്തുവരികയാണെന്ന് രാജീവൻ വ്യക്തമാക്കി.