പാനൂർ: മൊകേരി-പാട്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പഴശ്ശി കനാലിന് കുറുകെയുള്ള പാത്തിപ്പാലം നശിക്കുന്നു. മുന്നൂറ് മീറ്ററോളം നീളമുള്ള പാലം കാടുകയറിയും സാമൂഹ്യ വിരുദ്ധ അക്രമത്തിലുമാണ് നശിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരു ഭാഗത്തും സ്ഥാപിച്ച കോൺക്രീറ്റ് തൂണുകൾ അടിച്ച് തകർത്ത് ഇരുമ്പ് കമ്പികൾ കടത്തിയിട്ടുണ്ട്. നവോദയ കുന്നിന്റെയും വള്ള്യായി വയലിന്റെയും പാത്തിപ്പുഴയുടെയും ഭംഗി ആസ്വദിക്കാൻ നേരത്തെ ആൾക്കാർ എത്തിയിരുന്നെങ്കിലും മദ്യപാനികളെയും വിഷപാമ്പുകളെയും ഭയന്ന് ഇപ്പോൾ ആരും വരാറില്ല. ഇരു പഞ്ചായത്തുകളിലെയും പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കുറുക്കുവഴി കൂടിയാണിത്. പത്തായക്കുന്ന്, കൊട്ടയോടി, കൊങ്കച്ചി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ രാജീവ് ഗാന്ധി സ്‌കൂളിലേക്കും മൊകേരിയിലെ വിദ്യാർത്ഥികൾ പാട്യത്തുമെത്തുന്നതും ഈ വഴിയിലൂടെയായിരുന്നു. പാലം പഴയപടിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

എൻ.എസ്.എസ്. കനകജൂബിലി

സ്മാരക മന്ദിരം തുറന്നു

പയ്യാവൂർ: പയ്യാവൂർ എൻ.എസ്.എസ് കരയോഗത്തിന്റെ കനക ജൂബിലി സ്മാരക മന്ദിരം രജിസ്ട്രാർ പി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം പി.യു. ഉണ്ണികൃഷ്ണൻ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ അനാഛാദനം ചെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന തളിപ്പറമ്പ് താലൂക്ക് കരയോഗ പ്രവർത്തക സമ്മേളനം പി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സി. ഭാസ്‌കരൻ, പി.എൻ. പ്രഭാകരൻ നായർ, ജെ. ജഗദമ്മ വി.ആർ. പ്രേമരാജൻ, കെ.കെ. സുരേഷ് ബാബു, ആർ. മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.