തൃക്കരിപ്പൂർ: പ്രതിവർഷം 15 ലക്ഷത്തിനുമുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം അതാത് ക്ഷേത്രം തന്നെ വഹിക്കണമെന്ന സർക്കാർ നയം ഒട്ടേറെ ക്ഷേത്രജീവനക്കാർക്ക് ഇരുട്ടടിയാകുന്നു. 2015ൽ നയം പ്രബല്യത്തിലായതുമുതൽ മലബാർ ദേവസ്വം ബേർഡിന്റെ കീഴിലുള്ള പ്രസിദ്ധമായ തങ്കയം ശ്രീചക്രപാണി ക്ഷേത്രത്തിലെ ജീവനക്കാർക്ക് വേതനം ലഭിക്കാത്ത അവസ്ഥയാണ്.
ചക്രപാണി ക്ഷേത്രത്തിൽ 15 ലക്ഷത്തിന് മുകളിലാണ് വരുമാനം. അതുകൊണ്ട് സർക്കാർ ഫണ്ട് ലഭിക്കുന്നില്ല.13 ജീവനക്കാരാണ് ക്ഷേത്രത്തിലുള്ളത്. ഒരു മാസത്തെ ശമ്പളത്തിനുമാത്രം രണ്ടര ലക്ഷം രൂപയോളം വേണം. കൂടാതെ ക്ഷേത്ര നടത്തിപ്പിനായി തുക വേറെയും. മൊത്തം 3 ലക്ഷം രൂപയുണ്ടെങ്കിൽ മാത്രമേ പരാതികളില്ലാതെ ക്ഷേത്ര കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയുകയുള്ള. അതായത് വർഷത്തിൽ 36 ലക്ഷം വേണ്ടിടത്ത് ക്ഷേത്ര വരവായി ലഭിക്കുന്നത് പതിനാറോ, പതിനേഴോ ലക്ഷം രൂപ മാത്രം.
വരുമാനമില്ലാതായതോടെ ഭഗവാനെ സേവിച്ചു കഴിയുന്ന ജീവനക്കാരും അവരുടെ കുടുംബങ്ങളും പട്ടിണിയിലും പരിവട്ടവുമായി കഴിയുകയാണ്. അതിനിടയിൽ ക്ഷേത്രത്തിലെ പ്രധാന ജീവനക്കാരന്റെ ഭാര്യക്ക് കാൻസർ ബാധിച്ചത് ആ കുടുംബത്തെയാകെ തകർത്തിരിക്കുകയാണ്. ശമ്പള കുടിശ്ശിക ഇനത്തിൽ ലക്ഷങ്ങൾ ലഭിക്കാനുള്ളപ്പോൾ ഭാര്യയുടെ ചികിത്സയ്ക്ക് വകയില്ലാതെ ഭഗവാന്റെ മുന്നിൽ പരിതപിക്കുന്ന ആ ജീവനക്കാരന്റെ അവസ്ഥ മറ്റുള്ളവർക്കും നൊമ്പരമായി. ഓരോ ജീവനക്കാർക്കും ഇത്തരത്തിൽ ലക്ഷങ്ങളുടെ കുടിശ്ശികയുണ്ട്.
നരകതുല്യമായ ജീവിതം നയിക്കുന്ന അവസ്ഥ പല തവണകളായി ഭരണ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമാകാത്തത് കാരണം കോടതിയെ സമീപിച്ചിരിക്കയാണ്. കാസ്ർകോട് മല്ലികാർജുന ക്ഷേത്രം, അടൂർ പഞ്ച ലിംഗ ക്ഷേത്രം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിലെ ജീവനക്കാർ ഈ അവസ്ഥയെ അഭിമുഖീകരിക്കുകയാണ്.
പുലർച്ചെ നാലരയ്ക്ക് നട തുറക്കും. ഉഷ പജാ, അഭിഷേകം, ശീവേലി ശേഷം പതിനൊന്നരക്ക് നട അടക്കും. വൈകീട്ട് അഞ്ചു മണിക്ക് വീണ്ടും നട തുറക്കും. അത്താഴപൂജ ശീവേലിയടക്കമുള്ള ചടങ്ങുകൾക്ക് ശേഷം രാത്രി എട്ടരക്ക് നട അടക്കും. അതു കൊണ്ടു തന്നെ നിത്യ ചെലവിനായി പുറത്തുചെന്ന് അധിക ജോലിക്ക് പോകാമെന്നു വെച്ചാൽ നടക്കില്ല. ക്ഷേത്രങ്ങളെ ഗ്രേഡ് തിരിച്ച് അടയാളപ്പെടുത്തിയതാണ് പ്രശ്നം. ഗ്രേഡ് പരിഗണനയില്ലാതെ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കുകയോ വേതനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ വേണമെന്നാണ ക്ഷേത്ര ജീവനക്കാർ ഏകസ്വരത്തിൽ ആവശ്യപ്പെടുന്നത്.
-ഒരുജീവനക്കാരൻ
തൃക്കരിപ്പൂർ ശ്രീ ചക്രപാണി ക്ഷേത്രം.