കാസർകോട്: സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണ്ണം. അതേസമയം സ്വകാര്യ വാഹനങ്ങൾ കൂടുതലായി ഇന്നലെ നിരത്തിലിറങ്ങി. നഗരങ്ങളിൽ വ്യാപാരികൾ കടകൾ തുറന്നു. പണിമുടക്ക് അനുകൂലികൾ എവിടെയും വാഹനങ്ങൾ തടയാൻ ഇല്ലാത്തതിനാൽ കൂടുതൽ വാഹനങ്ങൾ സർവീസ് നടത്തി.

ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ , കാലിക്കടവ് എന്നിവിടങ്ങളിൽ സമരത്തിൽ സ്ത്രീകളും അണിനിരന്നു.

പണിമുടക്ക് ഗ്രാമങ്ങളിലടക്കം ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും അടക്കമുള്ള പൊതുവാഹനങ്ങളൊന്നും നിരത്തിൽ ഇറങ്ങിയില്ല. ഓട്ടോ ടാക്സി വാഹനങ്ങൾ വരെ പണിമുടക്കിൽ പങ്കെടുത്തു. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. ജില്ലാ കളക്ട്രേറ്റ്, ജില്ലയിലെ താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ പണിമുടക്ക് പൂർണമായിരുന്നു. ജീവനക്കാർ ഹാജരായത് വളരെ കുറവായതിനാൽ ഓഫീസുകളുടെ പ്രവർത്തനം ഭാഗികമായിരുന്നു.

പണിമുടക്കിയ തൊഴിലാളികൾ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി കെ.പി സതീഷ് ചന്ദ്രൻ, ടി.കെ രാജൻ, കെ.വി കൃഷ്ണൻ, ടി. കൃഷ്ണൻ, കരിവെള്ളൂർ വിജയൻ, മോഹൻകുമാർ പാടി ,ഷെരീഫ് കൊടവഞ്ചി, ഉമേഷ് അണങ്കൂർ, സി.വി ചന്ദ്രൻ, മുസ്തഫ തോരവളപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

പടം ..പണിമുടക്കിയ തൊഴിലാളികൾ കാസർകോട് നഗരത്തിൽ ഇന്നലെ നടത്തിയ പ്രകടനം

വാഹനങ്ങൾ തടഞ്ഞ് ആക്രമിച്ച കേസിൽ

അഞ്ചുപേർ അറസ്റ്റിൽ

കാസർകോട്: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനിടെ വാഹനങ്ങൾ തടഞ്ഞ് അക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. സൂരംബയലിലെ വിശ്വനാഥ (46), ഗിരീഷ്‌കുമാർ (22), നായ്ക്കാപ്പിലെ ഉദയ (38), രജിത്ത് കുമാർ (22), അനന്തപുരത്തെ വിവേക് (28) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള ഗേറ്റിലെ മുബാറക് ഫൈസലിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്.