നീലേശ്വരം: പടന്നക്കാട് തീർത്ഥങ്കരക്കുളം നവീകരിക്കുമെന്ന കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നൽകിയ ഉറപ്പും നടപ്പായില്ല. കഴിഞ്ഞവർഷം പടന്നക്കാട് കാർഷിക സർവ്വകലാശാല കോമ്പൗണ്ടിൽ ഗസ്റ്റ് ഹൗസ് ഉദ്ഘാടന ചടങ്ങിലാണ് കരഘോഷങ്ങൾക്കിടയിൽ തീർത്ഥങ്കരക്കുളം നവീകരിക്കാൻ ഒരു കോടി രൂപ കാർഷിക സർവ്വകലാശാല അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞത്.
ചടങ്ങിന് മുന്നെ തീർത്ഥങ്കരക്കുളം സംരക്ഷണ സമിതി പ്രവർത്തകർ കുളം നവീകരണ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനായി കാർഷിക സർവകലാശാല ഒരു കോടി രൂപയുടെ പ്ലാനും തയ്യാറാക്കിയിരുന്നു. നബാർഡ് ഫണ്ട് ഉപയോഗിച്ചായിരുന്നു കുളം നവീകരിക്കാൻ സർവ്വകലാശാലയുടെ ഉദ്ദേശ്യം. കുളം നവീകരണത്തിന് പുറമെ ടൂറിസം മേഖലയായി വികസിപ്പിക്കാനും പദ്ധതിയിട്ടിരുന്നു.
എന്നാൽ നബാർഡിന്റെ സാങ്കേതികത്വത്തിൽ കുടുങ്ങി പദ്ധതി നീണ്ടുപോവുകയായിരുന്നു.
ഒരുകോടി രൂപയ്ക്കു പകരം 5 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ നബാർഡ് മുഖേന പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. അതിന് ജില്ലാ ഭരണകൂടവും നാട്ടുകാരും മുന്നിട്ടിറങ്ങിയാൽ മാത്രമെ കാര്യങ്ങൾ മുന്നോട്ട് പോവുകയുള്ളു. ബന്ധപ്പെട്ട രാഷ്ടിയ പാർട്ടി പ്രതിനിധികളും നാട്ടുകാരും ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള പടന്നക്കാട് തീർത്ഥങ്കരക്കുളം നവീകരിച്ചാൽ ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ സാധിക്കും. പത്ത് ഏക്കറോളം വിസ്തീർണം വരുന്ന തീർത്ഥങ്കരക്കുളം ഇന്ന് ചളിയും പായലും നിറഞ്ഞ് കിടക്കുകയാണ്. പതിനഞ്ച് വർഷം മുമ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ പായൽ എടുത്തു കളഞ്ഞ് കുളത്തിനടിയിലെ ചളികളെല്ലാം നീക്കിയിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇവിടെ വയലപ്രമോഡൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സാധിക്കും.
ഒരുകൂട്ടം നാട്ടുകാർ
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 13 ന്
കാസർകോട്: ചെർക്കള ബാലടുക്കം അൻസാറുൽ മുസ്ലിമീൻ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 13 ന് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മംഗളുരു ദേർളക്കട്ട യേനപ്പോയ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ 2000 പേർ പങ്കെടുക്കും. പതിമൂന്ന് വിഭാഗങ്ങളായി വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ദന്ത, കണ്ണ് പരിശോധന വിഭാഗവും ഉണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർചികിത്സയും സൗജന്യമായിരിക്കും. ജൂബിലി ആഘോഷം സമാപനം മാർച്ചുമാസം നടക്കും. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം 13 ന് രാവിലെ ഒമ്പതിന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ കർണ്ണാടക മന്ത്രി യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ചെയർമാൻ സി.എഫ്.എം അഷ്റഫ്, കൺവീനർ സലാം ചെർക്കള, ബി.എ ഷെരീഫ്, നാസർ ചായിന്റടി, സി.പി. മൊയ്തു മൗലവി, ആമു ബാലടുക്ക, ഹാരിസ് ബാലടുക്ക എന്നിവർ പങ്കെടുത്തു.
ശാസ്ത്രീയ നീന്തൽ പരിശീലനം ആരംഭിക്കണം
നടക്കാവ്: നവീകരിച്ച നടക്കാവ് കാപ്പുകുളത്തിൽ ശാസ്ത്രീയ നീന്തൽ പരിശീലന സൗകര്യം ഏർപ്പെടുത്തണമെന്ന് നടക്കാവ് നെരൂദ തീയറ്റേഴ്സ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ ഗവ. താലൂക്കാശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ മാറ്റുക, സ്ഥിരം ഗൈനക്കോളജി ഡോക്ടറെ നിയമിക്കുക, തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ദീർഘദൂരവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക, വലായകൊവ്വൽ മൈതാനിയിൽ പ്രഖ്യാപിച്ച വിവിധോദ്ദേശ സ്റ്റേഡിയം പണി ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
യോഗത്തിൽ എൻ.കെ. ജയദീപിനെ പ്രസിഡന്റായും കെ.രാഘവനെ വൈസ് പ്രസിഡന്റായും കെ. ഷാജിയെ സെക്രട്ടറിയായും വി. ബാബുവിനെ ജോയിന്റ് സെക്രട്ടറിയായും വി.കെ ആശിഷിനെ ട്രഷററായും തിരഞ്ഞെടുത്തു.