തൃക്കരിപ്പൂർ: അനധികൃത മണൽകടത്ത് ഒരു യുവ വിദ്യാർത്ഥിയുടെ ജീവനെടുത്ത സംഭവത്തിനുശേഷം അൽപ്പമൊന്നു പതുങ്ങിയ മണൽ ലോബികൾ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു. ആയിറ്റി കോളനി കേന്ദ്രീകരിച്ചാണ് വീണ്ടും അനധികൃത മണലെടുപ്പ്.

ദേശീയ പണിമുടക്കിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഓഫീസുകളും മറ്റും അടഞ്ഞുകിടന്നതും പൊലീസിന്റെ ശ്രദ്ധ മറ്റു വിഷയങ്ങളിലുമായ സാഹചര്യത്തിലാണ് മണൽകടത്ത് ശക്തമാക്കിയത്. ഒരു മാസം മുമ്പ് അർധരാത്രിയോടെ പൊലീസിനെ വെട്ടിച്ച് മണൽ കടത്തുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഇടയിലക്കാട് സ്വദേശി മരണപ്പെട്ടിരുന്നു. ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ശക്തമാക്കിയതോടെ ആയിറ്റി, മണിയനോടി തുടങ്ങിയവിടങ്ങളിൽ നിന്നുമുള്ള മണലൂറ്റൽ നിലച്ചിരുന്നു. അർധരാത്രിക്ക് ശേഷവും പുലർച്ചെയുമാണ് തൃക്കരിപ്പൂരിലെ പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ച് മണൽ കടത്ത് നടക്കുന്നത്. പൊലീസിന്റെ സാന്നിധ്യവും നിരീക്ഷണവും മനസ്സിലാക്കാൻ ബൈക്കിൽ കറങ്ങുന്ന ഏജന്റുമാരുടെ സഹായമാണ് മണൽ ലോബികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്.

കാരുണ്യ പ്രവർത്തനത്തിൽ മാതൃകയായി തൃക്കരിപ്പൂർ ടൗൺ ഫുട്ബാൾ ക്ലബ്

തൃക്കരിപ്പൂർ: കിടക്കാൻ ഒരു കട്ടിൽ ചോദിച്ച നിർധന വീട്ടമ്മയ്ക്ക് കട്ടിൽ മാത്രമല്ല കിടക്കയും പുതപ്പും തലയിണയും കൂടാതെ മാസത്തിൽ ഒരു നിശ്ചിത തുക പെൻഷനും. ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും സജീവ സാന്നിധ്യമായ തൃക്കരിപ്പൂർ ടൗൺ ഫുട്ബാൾ ക്ലബാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചത്. തൃക്കരിപ്പൂരിനടുത്ത പൂച്ചോലിലെ പാവപ്പെട്ട കുടുംബാംഗമായ മാധവിയമ്മയാണ് കിടക്കാൻ ഒരു കട്ടിൽ വേണമെന്ന ആവശ്യം ക്ലബ് പ്രവർത്തകരെ അറിയിച്ചത്. സ്ത്രീയുടെ കുടുംബ പശ്ചാത്തലമറിഞ്ഞ ക്ലബ്ബ് അധികൃതർ കട്ടിലിനോടൊപ്പം മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു. കൂട്ടത്തിൽ എല്ലാ മാസാദ്യത്തിലും ഒരു തുക പെൻഷനായും നൽകാൻ തീരുമാനിച്ചതോടെ ആ വീട്ടമ്മയ്ക്ക് അത് വലിയൊരു ആശ്വാസവുമായി. ചന്തേര എസ്.ഐ വിപിൻ ചന്ദ്രൻ കട്ടിൽ കൈമാറി. ആദ്യ പ്രതിമാസ പെൻഷൻ ചന്തേര ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ പിലിക്കോട് കൈമാറി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് കെ.പി. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. സുബാഷ്, അമൽദേവ്, ക്ലബ്ബ് മലേഷ്യൻ പ്രതിനിധി എ.ജി. ഖമറുദ്ദീൻ, ദുബായ് ചാപ്റ്റർ വൈസ് പ്രസിഡന്റ് സി ഫൈസൽ, ഭാരവാഹികളായ നൗഷാദ് മൂലക്കാടത്ത്, സുഹൈൽ ഇസ്മായീൽ സംസാരിച്ചു. സക്കരിയ ബാരിക്കാട് നന്ദി പറഞ്ഞു.