നീലേശ്വരം: നെൽവയലിനു തീപിടിച്ച് കൊയ്യാൻ പാകമായ നെൽകതിർ കത്തി നശിച്ചു. ബിരിക്കുളത്തെ വയലപ്ര രാഘവന്റെ പതിനഞ്ച് സെന്റ് വയലിലെ നെൽ കതിരാണ് കത്തിനശിച്ചത്. നാട്ടുകാർ തീ അണച്ചു. വയലിൽ കൂടി പോകുന്ന വൈദ്യുതി ലൈനിൽ നിന്നാണ് തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ തീ പടർന്നിരുന്നു. ഇതേത്തുടർന്ന് വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
കോവിലകം ചിറ നവീകരണം: സർവ്വെ തുടങ്ങി
നീലേശ്വരം: കോവിലകം ചിറ നവീകരിക്കുന്നതിനു മന്നോടിയായി സർവ്വെ തുടങ്ങി. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കോവിലകം ചിറ നവീകരിക്കുന്നത്. മെയിൻ ബസാറിൽ നിന്ന് കോവിലകം ചിറയിലേക്കുള്ള റോഡും ചിറയും ആണ് സർവ്വെ ചെയ്യുന്നത്.
ഇന്നലെ തുടങ്ങിയ സർവ്വെ ഇന്ന് പൂർത്തിയാവും. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ചിറ ഇപ്പോൾ പായൽമൂടി കിടക്കുകയാണ്. 2016ൽ ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോവിലകം ചിറയലാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തത്. ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ പ്രത്യേക താല്പര്യത്തോടെയാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കോവിലകം ചിറ നവീകരിക്കുന്നത്. സർവ്വെ തുടങ്ങുന്നതിനു മുമ്പുതന്നെ വിഷയം നീലേശ്വരം രാജവംശവുമായി ചർച്ച ചെയ്തിരുന്നു. രാജവംശത്തിനും ചിറ നവീകരിക്കുന്നതിൽ പ്രത്യേക താല്പര്യമുണ്ട്.
തളിയിൽ ശിവക്ഷേത്ര ഉത്സവാഘോഷത്തിന്റെ ആറാട്ടും മന്നൻ പുറത്ത് കാവിന്റെ പൂരോത്സവത്തിന്റെ പൂരംകുളിയും കോവിലകം ചിറയിലെ പ്രത്യേകം സ്ഥലത്താണ് നടക്കുന്നത്. ഇതു രണ്ടും സംരക്ഷിച്ചാണ് ചിറ നവീകരിക്കുക. ചിറയിലെ പായൽ മാറ്റി ചളി എടുത്ത് കളഞ്ഞ് പടിഞ്ഞാറും വടക്കും ഭാഗത്ത് റോഡിന്റെ വീതി കൂട്ടി അവിടെ വൈകുന്നേരങ്ങളിൽ പ്രായമായവർക്ക് ഇരിപ്പിടം ഒരുക്കാനാണ് ഡി.ടി.പി.സി ഉദ്ദേശിക്കുന്നത്. സർവ്വെ കഴിത്താൽ ഒരു മാസത്തിനുള്ളിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകും.റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഡി.ടി.പി.സി അടുത്ത നടപടിയിലേക്ക് നീങ്ങും.