തളിപ്പറമ്പ്: ട്രേഡ് യൂണിയനുകളുടെ രണ്ടു നാൾ നീണ്ട ദേശീയ പണിമുടക്ക് ഇവിടെ ഏതാണ്ട് പൂർണഹർത്താലായി മാറിയപ്പോൾ മാർക്കറ്റ് പരിസരത്ത് 48 മണിക്കൂറിനകം രണ്ടു റോഡുകൾക്ക് പുത്തൻമുഖമായി. സംസ്ഥാന പാതയിൽ നിന്നുള്ള പ്രധാന റോഡിലെന്ന പോലെ മാർക്കറ്റിൽ നിന്നു മദ്രസ വഴി മലയോരറോഡിൽ ചെന്നുചേരുന്ന റോഡിലും ടാറിംഗും കോൺക്രീറ്റ് പ്രവൃത്തിയും പൂർത്തിയാക്കുകയായിരുന്നു.
പട്ടുവത്തുകാരായ രണ്ടു കരാറുകാരാണ് ഒരു വെല്ലുവിളിയെന്ന പോലെ ഈ യജ്ഞം ഏറ്റെടുത്തത്. പണിമുടക്കിന്റെ ആദ്യദിവസം വെളുപ്പിനു തന്നെ ടാറിംഗ് സാമഗ്രികളുമായി അന്യസംസ്ഥാനക്കാരായ 26 തൊഴിലാളികൾ നിരന്നു. രണ്ടു ദിവസങ്ങൾ കൊണ്ടു അവർ പണി പൂർത്തിയാക്കി പുത്തൻ റെക്കോഡും കുറിച്ചു. പൊതുവെ വാഹനങ്ങൾ ഒഴിഞ്ഞ നേരമില്ലാത്ത ഈ ഭാഗത്ത് മുമ്‌പൊക്കെ ആഴ്ചകൾ വേണ്ടി വന്നിരുന്നു ടാറിംഗ് പൂർത്തിയാക്കാൻ.