കണ്ണൂർ: വനിതാ മതിലിൽ പങ്കെടുക്കാത്തതിന്റെ പ്രതികാരമായി മയ്യിൽ പഞ്ചായത്തിലെ കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിൽ നൽകിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുമെന്നും നേതാക്കൾ പറയുന്നു. പ്രസിഡന്റ് കെ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. ഗണേശൻ, പി.പി. സിദ്ദിഖ്, കെ.പി. ചന്ദ്രൻ, ഇ.കെ. മധു, സി.എച്ച്. മൊയ്തീൻ കുട്ടി, ഷാഫി കോറളായി, മജീദ് കരക്കണ്ടം തുടങ്ങിയവർ സംസാരിച്ചു.

ഭ്രാന്തൻ നായയുടെ കടിയേറ്റു
കൂത്തുപറമ്പ്: ഭ്രാന്തൻ നായയുടെ അക്രമത്തിൽ കൂത്തുപറമ്പ് മേഖലയിലെ ആറു പേർക്ക് പരുക്ക്. ആമ്പിലാട് സ്വദേശികളായ ശാന്ത, ചന്ദ്രലേഖ, ഷിബിന, ചിരുതൈ അമ്മ എന്നിവർക്കാണ് ഇന്നലെ ഉച്ചയോടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ആമ്പിലാട്,മൂര്യാട് ഭാഗങ്ങളിലെ ആളുകൾക്കും കടിയേറ്റിരുന്നു. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻ.ടി.യു ജില്ല സമ്മേളനം
പാനൂർ: ദേശീയ അദ്ധ്യാപക പരിഷത് (എൻ.ടി യു ) ജില്ലാ സമ്മേളനം ഇന്നും നാളെയും പാനൂർ പി.ആർ.എം.എച്ച്.എസ്.എസിൽ നടക്കും. സമ്മേളനം ബി.ജെപി. ജില്ല ഉപാദ്ധ്യക്ഷൻ മോഹനൻ മാനന്തേരി ഉദ്ഘാടനം ചെയ്യും റഷീദ് പാനൂർ മുഖ്യഭാഷണം നടത്തും വാർത്ത സമ്മേളനത്തിൽ കെ.പിജിഗീഷ്, മനോജ്കുമാർ കെ.വി.എൻ രൂപേഷ്, കെ. സുബിൻ, കെ. പത്മരാജൻ എന്നിവർ പങ്കെടുത്തു.

ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോർജ് രാജിവെച്ചു. ഇന്നലെ പഞ്ചായത്ത് യോഗത്തിന് ശേഷമായിരുന്നു രാജി. സെക്രട്ടറി ലാലി മാണിയ്ക്ക് രാജിക്കത്ത് കൈമാറി. കോൺഗ്രസും കേരളാ കോൺഗ്രസ് എമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് ഭരണ സമിതിക്കുള്ള പിന്തുണ പിൻവലിച്ച കേരളാ കോൺഗ്രസ് എൽ.ഡി.എഫ്. പിന്തുണയോടെ കൊച്ചുറാണി ജോർജിനെ പ്രസിഡന്റാക്കുകയായിരുന്നു. 2017 സെപ്തംബർ 27ന് സ്ഥാനമേറ്റ 19 അംഗ ഭരണസമിതിയിൽ ഒൻപത് അംഗങ്ങൾ കോൺഗ്രസിനും രണ്ട് പേർ കേരളാ കോൺഗ്രസ് എമ്മിനും എട്ട് പേർ എൽ.ഡി.എഫിനുമുണ്ട്. സംസ്ഥാന തലത്തിൽ കേരള കോൺഗ്രസ് (എം)​ യു.ഡി.എഫിന്റെ ഭാഗമായതോടെയാണ് ചെറുപുഴ പഞ്ചായത്തിലും ഭരണമാറ്റമുണ്ടായത്. കോൺഗ്രസിലെ മുൻ പ്രസിഡന്റ് ജമീല കോളയത്ത് തന്നെ പ്രസിഡന്റാകുമെന്നാണ് സൂചന. കേരളാ കോൺഗ്രസ് (എം)​ പ്രതിനിധി ഡെന്നി കാവാലം വൈസ് പ്രസിഡന്റുമായി പുതിയ ഭരണ സമിതി വരുമെന്നും അറിയുന്നു. അതേസമയം കോൺഗ്രസിൽ ഇതേ ചൊല്ലി തർക്കമുണ്ട്.

പ്രസിഡന്റ് സ്ഥാനം രാജിവച്ചത് പാർട്ടി തീരുമാനം: കേരള കോൺഗ്രസ്
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെച്ചത് സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണെന്ന് കേരളാ കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളാ കോൺഗ്രസ് മത്സരിക്കുന്ന വാർഡുകളിൽ കോൺഗ്രസ് റിബലിനെ നിർത്തില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ഉറപ്പ് തന്നു. എൽ.ഡി.എഫ് പിന്തുണയോടെയുള്ള പ്രസിഡന്റ് സ്ഥാനവും സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനവുമാണ് രാജി വെച്ചത്. ഇതിനുള്ള ചർച്ച നടന്നത് ജില്ലാതലത്തിലാണെന്നും തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു. രാജിവച്ച പ്രസിഡന്റ് കൊച്ചുറാണി ജോർജ്, ഡെന്നി കാവാലം, നേതാക്കളായ ജോബിച്ചൻ മൈലാടൂർ, ജോയി ജോസഫ്, സാജി തോപ്പിൽ, സാജു പുത്തൻപുര, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.