മട്ടന്നൂർ: മട്ടന്നൂരിലെ പാചകവാതക ഏജൻസി ഓഫീസ് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ ഒരാളെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇരിട്ടി റോഡിൽ കോടതിയ്ക്ക് സമീപത്തെ ടി.ആർ. ഗ്യാസ് ഏജൻസി ഓഫീസിലെ കവർച്ചയിലാണ് നടപടി. കഴിഞ്ഞദിവസം രാവിലെ ഓഫീസിലെത്തിയവരാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ ഓഫീസിലെ സി.സി.ടി.വി. കാമറ തകർത്ത നിലയിലും ഫയലുകൾ വാരി പുറത്തുവലിച്ചിട്ട നിലയിലും കണ്ടെത്തി. കംപ്യൂട്ടറും നശിപ്പിച്ചിട്ടുണ്ട്. കമ്പിപ്പാരയുമായി മുഖംമുടി ധരിച്ചെത്തിയ യുവാവ് ഓഫീസിന്റെ വാതിൽ കുത്തിപ്പൊളിക്കുന്നതും സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. ഗ്യാസ് ഏജൻസി ഉടമ ടി.ആർ. ഗോപി പരാതി നൽകിയതിനെ തുടർന്ന് മട്ടന്നൂർ എസ്.ഐ. ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.