കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലബാർ മേഖലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസിൽ നിന്ന് സ്ഥാനാർത്ഥികളാകാൻ നേതാക്കളിൽ പലരും അരയും തലയും മുറുക്കി രംഗത്തിറങ്ങി തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മേഖലയിൽ അഞ്ച് ജില്ലകളിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിലും വിജയിച്ചത് യു.ഡി.എഫാണ്. മൂന്നെണ്ണം കോൺഗ്രസും. വടകര, കോഴിക്കോട്, വയനാട് സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. ഇതിൽ വയനാട് യു.ഡി.എഫിന്റെ ഉറച്ചകോട്ടയാണ്. എം.ഐ ഷാനവാസിന്റെ നിര്യാണത്തോടെ ഈ സീറ്റിലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ വടകരയിലും പുതിയ സ്ഥാനാർത്ഥികളെ കോൺഗ്രസിന് കണ്ടെത്തേണ്ടതുണ്ട്. ഈ സീറ്റുകൾ ലക്ഷ്യമിട്ട് ചില നേതാക്കൾ അണിയറ നീക്കം ശക്തമാക്കിയിട്ടുണ്ട്.
മലബാർ മേഖലയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ 18ന് കണ്ണൂരിൽ കോൺഗ്രസ് ശിൽപ്പശാല സംഘടിപ്പിക്കുന്നുണ്ട്. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലെ ഡി.സി.സി ഭാരവാഹികൾ, ബ്ളോക്ക് പ്രസിഡന്റുമാർ തുടങ്ങി 350 പ്രതിനിധികൾ പങ്കെടുക്കും. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ താഴെതലം മുതൽ വോട്ടർമാരെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്ന വിലയിരുത്തലും ശിൽപ്പശാലയിലുണ്ടാവും.
വടകര
വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ 3,306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ വിജയിച്ചത്. ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകൾക്കാണ് വടകരയിൽ മുൻതൂക്കമെന്നറിയുന്നു. ഇവിടെ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കാനുള്ള ആലോചനയുമുണ്ട്.
വയനാട്
വയനാട് യു.ഡി.എഫിന്റെ ഉറച്ച കോട്ടയായതിനാൽ സ്ഥാനാർത്ഥികളാകാൻ ഒട്ടേറെ പേർ രംഗത്തുണ്ട്. ഇതുകൂടാതെ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം. ഹസൻ ഉൾപ്പെടെയുള്ളവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ പേരും ചിലർ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ ഇത്തവണ വയനാട് ജില്ലയിൽ നിന്നുള്ളവർ തന്നെ മത്സരിക്കുമെന്നാണ് ഡി.സി.സി നേതൃത്വം പറയുന്നത്.
കണ്ണൂർ
കണ്ണൂരിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ തന്നെ മത്സരിക്കണമെന്നാണ് നേതാക്കളിൽ പലരുടേയും ആഗ്രഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6,566 വോട്ടിനാണ് സി.പി.എമ്മിലെ പി.കെ. ശ്രീമതിയോട് സുധാകരൻ പരാജയപ്പെട്ടത്. മുൻമന്ത്രി എൻ. രാമകൃഷ്ണന്റെ മകളും കോർപ്പറേഷൻ കൗൺസിലറുമായ അമൃത രാമകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മുൻ എം.പി കൂടിയായ എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
കോഴിക്കോട്
കോഴിക്കോട് സീറ്റിൽ സിറ്റിംഗ് എം.പി എം.കെ. രാഘവൻ തന്നെ മത്സരിക്കണമെന്നാണ് എ.ഐ.സി.സി നേതൃത്വത്തിന്റെ നിലപാട് എന്നാണ് സൂചന. എന്നാൽ മൂന്നാമതും മത്സരത്തിനിറങ്ങുന്ന രാഘവനെതിരെ യൂത്ത് കോൺഗ്രസിലെയും കോൺഗ്രസിലെയും ഒരു വിഭാഗം കച്ചമുറുക്കുന്നുണ്ട്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുൻനിറുത്തി ഒരുതവണ കൂടി രാഘവന് അവസരം കൊടുത്തേക്കുമെന്നാണ് സൂചനകൾ.
കാസർകോട്
കാസർകോട്ട് കഴിഞ്ഞ തവണ 6,921 വോട്ടിനാണ് ടി. സിദ്ദിഖ് സി.പി.എമ്മിലെ പി.കരുണാകരനോട് പരാജയപ്പെട്ടത്. എന്നാൽ കാസർകോട് സീറ്റിൽ ഇതുവരെ കാര്യമായ അവകാശവാദവുമായി ആരും രംഗത്ത് എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങളും 18ന് നടക്കുന്ന കോൺഗ്രസ് യോഗത്തിൽ ചർച്ച ചെയ്യും.