കുഞ്ഞിമംഗലം: മൂന്നാഴ്ച നീണ്ടുനിന്ന ദേശീയ വെങ്കലശില്പകലാ ക്യാമ്പിനു പരിസമാപ്തി കുറിച്ചുകൊണ്ടു നടത്തിയ ശില്പികൾക്കുള്ള യാത്രയയപ്പു ചടങ്ങ് ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.. ക്യാമ്പ് ഡയറക്ടർ വിനോദ് പടോളി സ്വാഗതം പറഞ്ഞു.. ലളിതകലാ അക്കാഡമി അംഗം രവീന്ദ്രൻ തൃക്കരിപ്പൂർ അദ്ധ്യക്ഷത വഹിച്ചു.. ചടങ്ങിൽ ബസ്തർശില്പി കുടുംബം മീഡിയാ ചെയർമാൻ മനോഹരൻ വെങ്ങരയ്ക്ക് വെങ്കലശില്പം സമ്മാനിച്ചു.. ശില്പികളായ നിതിൻ ദാസ്, വിശാൽ ഭട്‌നഗർ, പുൽകിത് ജാവ, ബന്നൂറാം ബെയ്ദ്, അനിൽ സേവ്യർ, െ്രസ്രബിൻ, പി.വി.ദിനൂപ് എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു.. പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമൻ, വി.വി.രാമചന്ദ്രൻ, രമേശൻ പടിഞ്ഞാറ്റയിൽ എന്നിവർ ആശംസകൾ നേർന്നു. വിടവാങ്ങൽ ചടങ്ങിനോടനുബന്ധിച്ച് ടി.വി.രാജേഷ് എം.എൽ.എ. ശില്പികൾക്കും സംഘാടകസമിതി അംഗങ്ങൾക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കും അവസരമൊരുക്കി ഏറെ വൈകാരികയോടെയാണ് ശില്പികൾ ക്യാമ്പിൽ നിന്നും വിടവാങ്ങിയത്.

ബി.ജെ.പിയും മുസ് ലിം ലീഗും വർഗ്ഗീയത ഉല്പാപാദിപ്പിക്കുന്ന ഫാക്ടറികൾ:ഷമീർ പയ്യനങ്ങാടി

പയ്യന്നൂർ: മത വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ബി.ജെ.പിയും മുസ് ലിീ ലീഗും വർഗ്ഗീയത ഉല്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയതായി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ അഡ്വ.ഷമീർ പയ്യനങ്ങാടി ആരോപിച്ചു. പയ്യന്നൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ കോടതി വിധി നടപ്പാക്കണോ വേണ്ടയോയെന്ന് അഭിഭാഷകനായ പി.എസ്.ശ്രീധരൻ പിള്ള വ്യക്തമാക്കണം.കോടതി വിധിയെ സ്വാഗതം ചെയ്തവർ തന്നെ സമരം ചെയ്യുന്നത് വോട്ടു ബാങ്ക് രാഷ്ട്രീയമാണ്. മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ.അഹമ്മദിന്റെ മരണത്തിൽ ഉൾപ്പെടെ അവർ ബി.ജെ.പിക്ക് കീഴടങ്ങിയിരിക്കുകയാണ്.ഈ ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുത്തലാക് ബില്ലിനെതിരെ വോട്ടു ചെയ്യാതെ മാറി നിന്നത്. മുസ് ലിം ലീഗിന്റെ പേരു തന്നെ ഭരണഘടനാവിരുദ്ധമാണ്.ശബരിമല വിഷയത്തിൽ വിശ്വാസികളുടെ കൂടെയാണെന്നു പറയുന്ന ലീഗും കോൺഗ്രസും ബാബറി മസ്ജിദ് വിഷയത്തിൽ എത് വിശ്വാസികളുടെ കൂടെയാണെന്ന് വ്യക്തമാക്കണമെന്നും സംവരണം അട്ടിമറിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ഷമീർ ആവശ്യപ്പെട്ടു. വർഗീയതക്കെതിരെ ഈ മാസം 19 ന് യൂത്ത് പാർലമെന്റ് നടത്തും.രാവിലെ 10ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് സമാപന സമ്മേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടരി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. ഷമീർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടരി നാസർ കുരാറ, നേതാക്കളായ നിസാർ കാട്ടാമ്പള്ളി, അസലം പിലാക്കൽ, ഇഖ്ബാൽ പോപ്പുലർ എന്നിവരും പങ്കെടുത്തു.

ഉരുവച്ചാലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

മട്ടന്നൂർ: ഉരുവച്ചാലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയോടെ ഉരുവച്ചാൽ ശിവപുരം റോഡിൽ ഇടപ്പഴശ്ശിയിലാണ് അപകടം.ശിവപുരത്ത് നിന്ന് വരികയായിരുന്ന ബൊലോറോ നിസാൻ ലോറിക്കും മത്സ്യം കൊണ്ടു പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

റോഡിന് ഇരുവശത്തും കാട് വളർന്നത് എതിരെ നിന്നും വരുന്ന വാഹനത്തെ കാണാൻ സാധിക്കാത്തതാണ്അപകടത്തിനിടയായത്. മാലൂർ എസ് .ഐ ടി. കെ ഷിജുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് വാഹനങ്ങൾ മാറ്റിയത്.

മട്ടന്നൂരിൽ റവന്യൂ ടവർ: നിർമാണം ഉടൻ തുടങ്ങും

മട്ടന്നൂർ: മട്ടന്നൂരിലെ മുഴുവൻ സർക്കാർ ഓഫീസുകളെയും ഒരുകുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള റവന്യു ടവറിന്റെ നിർമാണം ഉടൻ തുടങ്ങും. കെട്ടിടത്തിന്റെ മണ്ണുപരിശോധന പൂർത്തിയായി. കിഫ്ബി ധനസഹായത്തോടെ സംസ്ഥാന ഭവനനിർമാണ ബോർഡാണ് റവന്യു ടവർ നിർമിക്കുക. അടുത്ത മാസത്തോടെ തറക്കല്ലിട്ട് നിർമാണ പ്രവൃത്തി തുടങ്ങും.

മന്ത്രി ഇ.പി. ജയരാജൻ സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് 34.30 കോടി രൂപ ചെലവിൽ മട്ടന്നൂരിൽ റവന്യു ടവർ നിർമിക്കുന്നതിന് സർക്കാർ അനുമതിയായത്. മട്ടന്നൂർ കോടതിക്ക് സമീപം പഴശ്ശി ജലസേചനപദ്ധതിയുടെ ഉടമസ്ഥതയിൽ നിന്നും വിട്ടുകിട്ടിയ മൂന്ന് ഏക്കർ സ്ഥലത്താണ് റവന്യു ടവർ നിർമിക്കുന്നത്. എട്ട് നിലകളിലായി 9212 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിനും മൂന്ന് നിലകളിലായി 1706 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഗസ്റ്റ് ഹൗസ്, ക്യാന്റീൻ കെട്ടിത്തിനുമാണ് നിർമാണാനുമതി ലഭിച്ചത്. മട്ടന്നൂരിൽ പലയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളും റവന്യു ടവർ പൂർത്തിയാകുന്നതോടെ അവിടേക്ക് മാറ്റും. കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് മുമ്പ് വിവിധ സ്ഥാപന മേധാവികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. വിമാനത്താവള നഗരത്തിന് അനുയോജ്യമായ അധുനിക രീതിയിലുള്ള കെട്ടിടമാണ് റവന്യൂ ടവറിനായി നിർമ്മിക്കുന്നത്.