കാസർകോട്: രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള മലയാളക്കരയുടെ പരിണാമ പ്രക്രിയകളെ വിശദമാക്കുന്ന ദ്വിദിന പ്രദർശനത്തിന് മഞ്ചേശ്വരം എസ്.എ.ടി. സ്‌കൂളിൽ തുടക്കമായി. കേരള നിയമസഭാ മ്യൂസിയം വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സഹകരണത്തോടെയാണ് പ്രദർശനം.
കേരളത്തിൽ ജനാധിപത്യം പുലരും മുമ്പുള്ള ഭരണവ്യവസ്ഥയെ കുറിച്ച് വ്യക്തമായ ചിത്രമാണ് പ്രദർശനത്തലൂടെ ലഭിക്കുന്നത്. തിരുവിതാംകൂർ ഭരണത്തിലെ 'വല്യകാര്യക്കാരിൽ' നിന്നും ജനാധിപത്യവ്യവസ്ഥയിലെ മന്ത്രിമാരലേക്കുള്ള മാറ്റവും അധികാരം ജനങ്ങളിലേക്കെത്തിയ വിപ്ലവ സ്മരണകളും പ്രദർശനം കൈമാറുന്നു.
ജനാധിപത്യ കേരളത്തിന്റെ പൈതൃകസ്മൃതികൾ സൂക്ഷിക്കുന്ന അപൂർവ്വ കലവറയാണ് നിയമസഭാ മ്യൂസിയം. 2006ൽ ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയത്തിൽ കേരളപ്പിറവിക്കു മുമ്പും ശേഷവുമുള്ള വിവിധ നിയമനിർമ്മാണ സഭകളെ കുറിച്ചും സർക്കാർ സംവിധാനങ്ങളെ കുറിച്ചും ജനപ്രതിനിധികളെയും ജനനായകരെയും കുറിച്ചുമുള്ള വിലപ്പെട്ട രേഖകളും വസ്തുക്കളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. ജനാധിപത്യമൂല്യങ്ങൾ ജനങ്ങളിലേക്ക് പ്രത്യേകിച്ചും വിദ്യാർഥികളലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് സഞ്ചരിക്കുന്ന മ്യൂസിയം ജില്ലാതല പ്രദർശനങ്ങൾ നടത്തുന്നത്. നിയമനിർമ്മാണ സഭകളിലെ അധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, സ്പീക്കർമാർ, പ്രതിപക്ഷനേതാക്കന്മാർ, ഗവർണർമാർ, സത്യപ്രതിജ്ഞാ ചിത്രങ്ങൾ തുടങ്ങിയ അപൂർവ്വ ചിത്രങ്ങളും ചരിത്ര മുഹൂർത്തങ്ങളും പ്രദർശനത്തിലുണ്ട്. കൂടാതെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട നിയമസഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച ആഴത്തിലുള്ള വിവരണവും വിശദാംശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള 'നമ്മുടെ നിയമസഭ' എന്ന ഡോക്യുമെന്ററിയും സംസ്ഥാന മന്ത്രി സഭകളെ കുറിച്ചുള്ള 'വജ്രകേരളം' എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കുന്നുണ്ട്.
എസ്.എ.ടി സ്‌കൂളിൽ നടക്കുന്ന പ്രദർശനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു.
ജനാധിപത്യ മൂല്യങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നാളെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഈ മാസം 24ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന ഭരണഘടനാ സന്ദേശയാത്രയുടെ മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
പടം .. മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളിൽ നടക്കുന്ന നിയമസഭാ മ്യൂസിയം പ്രദർശനത്തിൽ നിന്ന്