മാഹി: പുഴയുടെ മനോഹരതീരത്ത് നിറയെ മരങ്ങൾക്കും ചെടികൾക്കുമിടയിൽ കിടക്കുന്ന കൂടാരത്തിനടിയിൽ കുറേ നന്മമനസ്സുള്ള മനുഷ്യർ.... ടി.പത്മനാഭന്റെ 'ഒരു സ്വപ്നം പോലെ' എന്ന കഥയിലെ കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തിന്റെ സ്വപ്‌നവർണന തുടങ്ങുന്ന് ഇങ്ങനെ. വിടാതെ പിറകേ കൂടി കൃഷ്ണൻകുട്ടി ആ സ്വപ്നം സഫലമാക്കുകയായിരുന്നു- മയ്യഴിപ്പുഴയോരത്തെ മലയാള കലാഗ്രാമം. ആ കഥാപാത്രത്തെ ജീവിതത്തിലേക്കു പകർത്തിയാൽ കലാഗ്രാമത്തിന്റെ മാനേജിംഗ് ട്രസ്റ്റിയാകും- എ.പി. കുഞ്ഞിക്കണ്ണൻ.
മദിരാശിയിൽ എം. ഗോവിന്ദന്റെ സൗഹൃദകൂട്ടത്തിൽ നിന്നു തുടങ്ങിയതാണ് കഥാകാരൻ ടി. പദ്മനാഭനുമായുള്ള എ.പി. കുഞ്ഞിക്കണ്ണന്റെ ആത്മബന്ധം. പദ്മനാഭന്റെ 'പെരുമഴ പോലെ', 'ചിത്തരഞ്ജിനി, 'നിധിചാല സുഖമാ... ' എന്നീ കഥകളിലും ഉറ്റചങ്ങാതിയായ എ.പി പ്രധാന കഥാപാത്രമായുണ്ട്.
കലാഗ്രാമത്തിന്റെ രജതജൂബിലി ആഘോഷത്തിന് ഇന്നലെ തുടക്കമിട്ടപ്പോൾ ഉദ്ഘാടനച്ചടങ്ങിൽ കഥാപാത്രം കഥാകാരനെ ആദരിക്കുന്ന അപൂർവ നിമിഷം വന്നെത്തി. മഹാത്മാഗാന്ധി സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകിയ പത്മനാഭന് കലാഗ്രാമത്തിലെ സ്വപ്നക്കൂടാരത്തിൽ ചേർന്ന ചടങ്ങിൽ ആദരപത്രം സമർപ്പിച്ചത് എ.പി. കുഞ്ഞിക്കണ്ണൻ ആണ്. പൊന്നാട ചാർത്തി എ.പി ആത്മമിത്രത്തിന് സ്നേഹാദരം ചൊരിഞ്ഞു. മറുപടിപ്രസംഗത്തിനിടെ പദ്മനാഭൻ ദീർഘകാലത്തെ സൗഹൃത്തെക്കുറിച്ചോർത്ത് വികാരാധീനനായി. ആ കഥകൾ കേട്ടപ്പോൾ കുഞ്ഞിക്കണ്ണന്റെയും മനസ്സും കണ്ണും നിറഞ്ഞു.
പൈകൃകം മറക്കരുത്: ടി.പത്മനാഭൻ
പുരാണങ്ങളെ പൂജിക്കുന്നവർ പൈതൃകം മറന്നുകൂടെന്ന് കലാഗ്രാമം രജതജൂബിലി ഉദ്ഘാടന ചടങ്ങിൽ ടി. പദ്മനാഭന്റെ ഓ
ർമ്മപ്പെടുത്തൽ. തെങ്ങുകയറ്റക്കാരന്റെ മകന് നാടു ഭരിക്കാൻ എന്ത് അവകാശമെന്ന മട്ടിൽ സംശയം ഉയർന്നു കേൾക്കുമ്പോൾ ഇങ്ങനെ ഓർമ്മപ്പെടുത്താതെ വയ്യ. കാലിമേച്ചു നടന്ന ഇടയച്ചെറുക്കന്റേതാണ് നമ്മൾ പൂജിക്കുന്ന ഭഗവത്ഗീത. മഹാഭാരതം രചിച്ചത് മുക്കുവസ്ത്രീയുടെ മകനാണ്. അദ്ധ്യാത്മ രാമായണം എഴുതിയത് ചക്കാലനെങ്കിൽ സംസ്കൃതത്തിൽ രാമായണം കുറിച്ചത് ഒരു കാട്ടാളനാണ്- ടി.പദ്മനാഭൻ പറഞ്ഞു.