കണ്ണൂർ: കണ്ണൂർ ബാർ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സംഘടനയായ ലോയേഴ്സ് കോൺഗ്രസ്- ബി.ജെ.പി അനുകൂല സംഘടനയായ അഭിഭാഷക പരിഷത്ത് സഖ്യത്തിന് വിജയം. ഒരു സീറ്റൊഴികെ മുഴുവൻ സ്ഥാനങ്ങളിലും വിജയിച്ച ഈ സംഖ്യം സി.പി.എം അനുകൂല ലോയേഴ്സ് യൂണിയനും മുസ്ലീം ലീഗ് അനുകൂല ലോയേഴ്സ് ഫോറത്തെയുമാണ് പരാജയപ്പെടുത്തിയത്. സി.കെ. ശ്രീകുമാറിനെ പ്രസിഡന്റായും കെ.ഷാജുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമാണ് സി.പി. എം- ലീഗ് സംഖ്യത്തിന് ലഭിച്ചത്. എ.കെ. സജിത് 35 വോട്ടിന്റെ ഭൂരിപക്ഷത്തിന് അഭിഭാഷക പരിഷത്ത് സഖ്യത്തിലെ സി. ദീപക്കിനെ തോൽപ്പിച്ചു. ജോയിന്റ് സെക്രട്ടറിയായി വിനോദ് ഭട്ടതിരിപ്പാടും ലേഡി ജോയിന്റ് സെക്രട്ടറിയായി ശിൽപ്പ വിജയനും ട്രഷററായി എം. ബാലകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. ഏഴംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഏഴും ലോയേഴ്സ് കോൺഗ്രസ്- അഭിഭാഷക പരിഷത്ത് സഖ്യം നേടി. അഡ്വ. പി.പി. പ്രദീപൻ വരണാധികാരിയായിരുന്നു.