കാസർകോട്: കാസർകോട് സ്വദേശിയായ യുവാവിനെ ഡൽഹി പൊലീസ് കാസർകോട്ടെത്തി അറസ്റ്റുചെയ്തു. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കാസർകോട് ചെമ്പിരിക്ക സ്വദേശിയായ മുത്തസിം എന്ന തസ്ലീമിനെ (41) അറസ്റ്റുചെയ്തത്.
ഇന്നലെ രാവിലെയാണ് ഡൽഹിയിൽ നിന്നെത്തിയ നാലംഗ അന്വേഷണസംഘം കാസർകോട് ജില്ലാ പൊലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് യുവാവിനെ അറസ്റ്റുചെയ്തത്. അതീവരഹസ്യ സ്വഭാവമുള്ള കേസിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. കാസർകോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ശനിയാഴ്ച ഉച്ചയോടെ ഹാജരാക്കിയ പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോയി.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് പാസ്‌പോർട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ് തസ്ലീമെന്ന് പൊലീസ് പറയുന്നു. ദുബൈയിൽ ഇൻഫോർമറായി പ്രവർത്തിച്ചുവന്നിരുന്ന തസ്ലീമിനെ 2011 ൽ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയും മുംബൈ വഴി കേരളത്തിലെത്തിക്കുകയും ചെയ്തിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഐ.ബി, എൻ.ഐ.എ തുടങ്ങിയ ഏജൻസികൾ അന്ന് തസ്ലീമിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിരപരാധിയെന്ന് കണ്ടെത്തി 12 ദിവസത്തിന് ശേഷം വിട്ടയക്കുകയായിരുന്നു.
യുവാവിനെ അറസ്റ്റ് ചെയ്ത കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തങ്ങളെയും അറിയിച്ചിട്ടില്ലെന്ന് കാസർകോട് ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസ് പറഞ്ഞു. വിദ്യാനഗർ എസ്.ഐ അനൂപ്കുമാറും സംഘവുമാണ് പ്രതിയെ പിടികൂടാൻ ഡൽഹി പൊലീസിന് സഹായം നൽകിയത്.
കെ കൃഷ്ണൻ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കാസർകോട്: പ്രസ് ക്ലബ് മുൻ സെക്രട്ടറി കെ. കൃഷ്ണന്റെ സ്മരണയ്ക്ക് ജില്ലയിലെ പ്രാദേശിക പത്രപ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മലയാള പത്രങ്ങളിൽ 2018ൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മക വാർത്തയ്ക്കാണ് പുരസ്‌കാരം. ഒരാൾക്ക് ഒരു വാർത്തയോ പരമ്പരയോ അയയ്ക്കാം. ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം സഹിതം വാർത്തയുടെ ഒറിജിനലും മൂന്നു കോപ്പിയും 20ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കാസർകോട് പ്രസ് ക്ലബ്, പ്രസ് ക്ലബ് ബിൽഡിംഗ്, പുതിയ ബസ് സ്റ്റാൻഡിന് സമീപം, കാസർകോട് എന്ന വിലാസത്തിൽ ലഭിക്കണം.