പാനൂർ: റഹീംമാസ്റ്ററുടെ ജീവിതത്തിന്റെ ഊർജ്ജം മഹാത്മജിയായിരുന്നു. 1934 ജനവരി 13ന് മാഹി പുത്തനമ്പലം ആൽമര തണലിൽ മഹാത്മാവ് ജനങ്ങളെ സംബോധന ചെയ്തതിന്റെ 85ാം വാർഷിക ദിനത്തിൽ അതേ സ്ഥലത്ത് ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിൽ ആ ജീവിതം അസ്തമിച്ചത് യാദൃശ്ചികമായി.
വിഭാഗീയതകൾക്ക് അതീതമായ സ്വഭാവമഹിമയും ലാളിത്യവും കൊണ്ട് എല്ലാവർക്കും പ്രിയപ്പെട്ട റഹിം മാഷിന്റെ പ്രഭാഷണം കവിതാത്മകമായിരുന്നു. കുമാരനാശാനും വള്ളത്തോളും ചങ്ങമ്പുഴയും ഖലീൽ ജിബ്രാനുമൊക്കെ ആ പ്രസംഗത്തിലൂടെ കടന്നുപോകും.ആ കവിതാശകലങ്ങൾ ഈണത്തിൽ ആലപിക്കും. ഷെല്ലിയും കീറ്റ്‌സും വേഡ്‌സ് വർത്തും കാളിദാസനുമൊക്കെ തരാതരത്തിൽ സംഭാഷണശകലങ്ങൾക്കിടയിൽ കടന്നുവരും.കവിതകളുടെ ധ്വനി രീതികൾ വിവരിക്കുമ്പോൾ കേട്ടുനിൽക്കുന്നവരുടെ ഹൃദയം മാഷിലേക്ക് ഓടിയെത്തും. ഗാന്ധിയും ഡോ.സുകുമാർ അഴീക്കോടും അവസാന നിമിഷം അദ്ദേഹത്തിന്റെ നാവിൻതുമ്പിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങളായിരുന്നു. നന്മയുടെ പ്രകാശം പരത്താൻ പാഞ്ഞുനടക്കുകയായിരുന്നു അദ്ദേഹം. ശ്രീ നാരായണ,വാഗ്ഭടാനന്ദ സന്ദേശങ്ങളെ ജീവിതത്തിലുടനീളം ചേർത്തുപിടിക്കുകയായിരുന്നു മാഷ്. ഭഗവദ് ഗീതയും പരിശുദ്ധ ഖുറാനും ബൈബിളും അവസാനതുടിപ്പുവരെ മാഷുടെ ഹൃദയത്തിൽ തങ്ങിനിന്നിരുന്നു.
പാനൂരിൽ മതേതരത്വത്തിന്റെ പ്രചാരകനായി ജീവിക്കുകയായിരുന്നു അദ്ദേഹം.കൊടികുത്തിയ അക്രമ പരമ്പരയിൽ നാട് കൊടുമ്പിരി കൊള്ളുമ്പോൾ ഭയവിഹ്വലരായി കഴിയുന്ന ജനങ്ങളുടെയിടയിൽ സമാധാന സന്ദേശയാത്രകൾ സംഘടിപ്പിക്കുകയായിരുന്നു മാഷ് . ' ഭീരുക്കളാണ് ആയുധവുമായി അക്രമം അഴിച്ചുവിടുന്നത് .അവരെ ബോധവല്ക്കരിക്കാൻ സത്യസന്ധരായ പത്ത് ചെറുപ്പക്കാരെങ്കിലും ഒരു പ്രദേശത്തുണ്ടായാൽ മതി'. എല്ലാ സാമൂഹ്യ തിന്മകളും വിചാരരാഹിത്യത്തിന്റെ ഫലങ്ങളാണെന്നും അതിനെ നേരിടാൻ അവശ്യം ജാഗ്രതയുള്ള ബോധവല്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ സാന്നിധ്യമാണെണ് നാട് നീളെ വിളിച്ചുപറഞ്ഞിട്ടുണ്ട് അദ്ദേഹം. കനക മലയിൽ സൂഫിസത്തെ കുറിച്ച് പ്രസംഗിച്ചുകൊണ്ടായിരുന്നു സാക്ഷാൽ നിത്യചൈതന്യയതിയുമായുള്ള ബന്ധത്തിന്റെ തുടക്കം. ആ ബന്ധം വളർന്നപ്പോൾ തലശ്ശേരിയിലെത്തിയാൽ റഹിമിനെ സംസാരിപ്പിച്ചതിന് ശേഷം മാത്രമെ യതി സംസാരിച്ചിരുന്നുള്ളു. ആ ബന്ധം മുനി നാരായണപ്രസാദുമായി പിന്നീട് തുടർന്നു.
ഒരു കാലത്ത് പ്രദേശത്തെ ശ്രീ നാരായണമഠങ്ങളെ കേന്ദ്രീകരിച്ച് ജയന്തി സമാധി ദിനങ്ങളിൽ റഹിംമാസ്റ്ററായിരുന്നു മുഖ്യപ്രഭാഷകൻ. ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ ആത്മീയ കേന്ദ്രങ്ങളായ ശിവഗിരിയിലും ഗുരുകുലത്തിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വളരെക്കാലം പാനൂർ ഗുരുസന്നിധിയുടെ നിർവാഹക സമിതിയംഗമായിരുന്നു. വാഗ്ഭടാനന്ദ ഗുരുദേവന്റെ കേരള ആത്മവിദ്യാ സംഘത്തിന്റെ വാർഷിക സമ്മേളനങ്ങളിൽ റഹിമിന്റെ പ്രഭാഷണം നിർബന്ധമായിരുന്നു. സോഷ്യലിസ്റ്റ് നേതാവ് പി.ആർ കുറുപ്പിന്റെ നേതൃത്വത്തിന് കീഴിൽ ഒരു കാലത്ത് കക്ഷിരാഷ്ട്രീയത്തിലും പ്രവർത്തിച്ചിരുന്നു റഹിം . എന്നാൽ പിന്നീട് രാഷട്രീയം വിട്ട് ഗാന്ധിമാർഗ്ഗ പ്രവർത്തകനായി മാറി. ഗാന്ധി യുവ മണ്ഡലം, കേരള സർവ്വോദയ മണ്ഡലം മുൻ സംസ്ഥന സാരഥി ഹിന്ദുസ്വരാജ് ശതാബ്ദി സമിതിയംഗം. നിത്യചൈതന്യവേദി പ്രസിഡന്റ്, ആത്മവിദ്യ മാസിക ഉപദേശകസമിമിതിയംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ജീവിച്ചു കാണിക്കാവുന്ന ആദർശമാണ് ഗാന്ധിസം എ
ന്നായിരുന്നു ആ ജീവിതത്തിന്റെ ആപ്തവാക്യം.