തലശ്ശേരി:റെയിൽവേ സ്റ്റേഷന് സമീപത്തെ ഷെമി ടിമ്പേർസ് ആന്റ് സോ മില്ലിൽ വൻ തീപിടുത്തം. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് തീ ആളിപ്പടർന്നത് .സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തലശേരി ,കൂത്ത്പറമ്പ് ,പാനൂർ , എന്നിവിടങ്ങളിൽ നിന്നായി സ്ഥലത്തെത്തിയ 4 യൂണിറ്റ് ഫയർഫോഴ്‌സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത് .മരമില്ലിലെ മെഷീനുകളും മരങ്ങളും ഉൾപ്പെടെ കത്തി നശിച്ചു .5 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് .ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .തലശേരി പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി .പുന്നോൽ സ്വാദേശി പി.കെ. ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് മരമില്ല്.

ചെങ്ങാടിവയൽ എടംകുന്ന് റോഡ് തുറന്നു
ഇരിട്ടി : മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വിളക്കോട് ചെങ്ങാടി വയൽ എടംകുന്ന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു . സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.പി. മുസ്തഫ , ബി. മിനി, എം. വിനീത, ഒ. ഹംസ , എം.ബിജു, എം.കെ. കുഞ്ഞാലി, ഒ.സി .സലാം , വി.എം. ഇബ്രാഹിം , എൻ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു .

ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രോത്സവം*
പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 24 മുതൽ 27 വരെ പയ്യന്നൂരിലെ പഴയ ദിവ്യാ ടാക്കീസിൽ വച്ച് നടക്കും. ഗോവയിൽ വെച്ച് നടന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിലെയും തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെയും മികച്ച ഇരുപത് ചിത്രങ്ങളാണ് പയ്യന്നൂർ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുക. ലോക സിനിമകൾക്ക് മലയാളം ഉപശീർഷകങ്ങൾ നൽകി കേരളത്തിൽ നടത്തുന്ന ഏക അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ് പയ്യന്നൂരിലേത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 24 ന് പ്രശസ്ത സംവിധായകരായ സന്തോഷ് ബാബുസേനൻ സതീഷ് ബാബുസേനൻ എന്നിവർ നിർവ്വഹിക്കും. സംവിധായകരായ ഡോ ബിജു, പ്രതാപ് ജോസഫ്, എഴുത്തുകാരായ പി. എൻ. ഗോപീകൃഷ്ണൻ, സി .വി. ബാലകൃഷ്ണൻ എന്നിവർ വിവിധ ദിവസങ്ങളിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കും.

പുതിയ മലയാള സിനിമകളായ ഷെറിയുടെ ക ഖ ഗ ഘ ങ, സന്തോഷ് ബാബുസേനൻ സതീഷ് ബാബുസേനൻ എന്നിവർ ചേർന്ന്!*! സംവിധാനം ചെയ്ത സുനേത്ര എന്നിവയുടെ കേരളത്തിലെ ആദ്യപ്രദർശനം ഈ മേളയിൽ നടക്കും. പ്രശസ്ത ക്യാമറാമാൻ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത രണ്ടുപേർ ചുംബിക്കുമ്പോൾ എന്ന മലയാള സിനിമയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഡോ ബിജുവിന്റെ പുതിയ ചിത്രമായ പെയിന്റിംഗ് ലൈഫ്, ബൗദ്ധായൻ മുഖർജി സംവിധാനം ചെയ്ത ദ വയലിൻ പ്ലെയർ എന്നിവ പ്രദർശിപ്പിക്കും. അന്തരിച്ച ചലച്ചിത്ര സംവിധായകരായ മിലോസ് ഫോർമാന്റെ വൺ ഫ്‌ളൂ ഓവർ കുക്കൂസ് നെസ്റ്റ്, മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്നിവ സ്മരണ വിഭാഗത്തിൽ പ്രദർശിപ്പിക്കും. സമകാലിക പ്രതിഭ വിഭാഗാത്തിൽ ജപ്പാനിലെ ഏറ്റവും പ്രശസ്തയായ ചലച്ചിത്ര സംവിധായിക നവോമി കവാസെയുടെ ദ മോണിംഗ് ഫോറസ്റ്റ്, സ്വീറ്റ് ബീൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. സമകാലിക ലോക സിനിമാ വിഭാഗത്തിൽ ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് (അൾജീരിയ), വെർണർ ഹെർസോഗിന്റെ ക്വീൻ ഓഫ് ദ ഡെസേർട്ട് (അമേരിക്ക), പ്രശസ്ത ചലച്ചിത്രതാരം ആഞ്ജലീന ജോളിയുടെ ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ (കംബോഡിയ), ഷിയറ്റ് ദിയാരിയുടെ ഇൻസൾട്ട് (ലബനൻ), ഒഫിർ റൗൾ ഗ്രൈസറിന്റെ ദ കേക്ക് മേക്കർ (ഇസ്രയേൽ), സെമിഹ് കപ്ലനോഗ്ലുവിന്റെ പ്രശസ്ത ചിത്രം ഗ്രെയിൻ (തുർക്കി), റൂപ്പേർട്ട് എവററ്റ് സംവിധാനം ചെയ്ത ഓസ്‌കാർ വൈൽഡിന്റെ ജീവചരിത്ര സിനിമയേ ഹാപ്പി പ്രിൻസ് (ജർമ്മനി), സാമുവൽ മോസിന്റെ ഫോക്‌സ്‌ട്രോട്ട് (ഫ്രാൻസ്) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 8 മണിവരെയായിരിക്കും പ്രദർശനം.

പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിനു സമീപമുള്ള അക്ഷയ ബുക്ക് സ്റ്റാൾ, എതിർദിശ മാസിക ഓഫീസ് എന്നിവിടങ്ങളിൽ രജിസ്‌ട്രേഷൻ നടത്താം. ഫോൺ:. 9446168067, 9947751054.

മോദിയുടേത് കർഷകരുടെ നട്ടെല്ല് തകർക്കുന്ന സമീപനം:കെ.പി.മോഹനൻ

ഇരിട്ടി: രാജ്യത്തെ കർഷക സമൂഹത്തിന്റെ നട്ടെല്ല് തകർക്കുന്ന സമീപനങ്ങളാണ് മോദി ഭരണത്തിൽ ഉണ്ടായിട്ടുള്ളതെന്ന് ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റും മുൻ മന്ത്രിയുമായ കെ.പി.മോഹനൻ പറഞ്ഞു.
കാർഷിക പ്രശ്‌നങ്ങളുയർത്തി എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി ജന. 31ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർഥം പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എ.കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ജയപ്രകാശ്, ജില്ലാ സെക്രട്ടറി സി.വി.എം.വിജയൻ, കെ.സി.ജോസഫ്, സി. കുഞ്ഞിരാമൻ, കെ.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.