കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സി.പി.എം. അനുഭാവിയുടെ കാറിന് നേരെ അക്രമം. കല്ലുവളപ്പിലെ കെ.കെ.രാജേഷിന്റെ നാനോ കാറിന് നേരെയാണ് ശനിയാഴ്ച്ച രാത്രിയോടെ അക്രമമുണ്ടായത്. കാറിന്റെ ഇരുഭാഗങ്ങളിലെയും ഗ്ലാസുകൾ തകർത്ത അക്രമികൾ മൂർച്ചയുള്ള ആയുധം കൊണ്ട് ബോഡി വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെറുവാഞ്ചേരി കല്ലുവളപ്പിലെ സി.പി.എം.പ്രവർത്തകന്റെ വീട്ടുകിണറ്റിലും ഒരു സംഘം കരിഓയിൽ ഒഴിച്ചിരുന്നു. കണ്ണവം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.സി .പി .എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി കെ.ധനഞ്ജയൻ, നഗരസഭാ ചെയർമാൻ എം.സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകൻ ഉൾപ്പെടെയുള്ള സി.പി.എം.നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ്.പ്രവർത്തകരാണെന്ന് സി.പി.എം.നേതൃത്വം ആരോപിച്ചു.


ചികിത്സാ സഹായം നൽകി

ചെറുപുഴ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെരിങ്ങോം പൊന്നമ്പാറയിലെ ഊർപ്പ ത്താന്നി ബിജുവിന് മാതമംഗലം കൂട്ടായ്മ ചികിത്സാ സഹായം നൽകി. ബിജുവിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി ധനസഹായം കൈമാറി. മാതമംഗലം കൂട്ടായ്മയുടെ പ്രവർത്തകരായ ഹരിത രമേശൻ, ടി. വി. സരിൻ, സി.കെ.സനീഷ്, പി. സുനോജ്, കെ. വി. വിജേഷ്, കെ.വി. മനീഷ്
എന്നിവരുടെ നേതൃത്വത്തിലാണ് ധനസഹായം നൽകിയത്. നിർധന കുടുംബാംഗമായ ബിജു എട്ടു മാസങ്ങൾക്കു മുൻപ് മംഗലാപുരത്ത് ഉണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. വീട്ടിൽ ബിജുവും മാതാവ് സാവിത്രിയും മാത്രമാണുള്ളത്. ചികിത്സക്കായി വലിയ തുക മാസം തോറും ആവശ്യമാണ്. ഈ കുടുംബത്തിന്റെ ദുരിതം അറിഞ്ഞാണ് മാതമംഗലം കൂട്ടായ്മ സഹായമെത്തിക്കാൻ മുന്നോട്ടുവന്നത്. ഇക്കഴിഞ്ഞ പ്രളയകാലത്ത് ദുരിതത്തിൽപെട്ടവരെ സഹായിക്കാനാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിച്ചത്. പച്ചക്കറി കൃഷി ചെയ്ത് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഇവർ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വരെ സഹായിക്കാനുള്ള തുക കണ്ടെത്തുന്നത്.

അനുശോചിച്ചു
കണ്ണൂർ: ഗാന്ധിയൻ കെ.പി.എ റഹീമിന്റെ നിര്യാണത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അനുശോചിച്ചു. അതുല്യമായ വ്യക്തിത്വത്തിലൂടെ അനേകായിരങ്ങളുടെ ജീവിതത്തിന് ഗാന്ധിയൻ ദർശനത്തിന്റെ പുതിയ വെളിച്ചം നല്കിയ അദ്ദേഹം പൊതുജീവിതത്തിന്റെ എല്ലാതലങ്ങളിലും മൂല്യവത്തായതും മാതൃകപരമായതുമായ ജീവിതം അനുഷ്ടിച്ച വ്യക്തിയാണെന്നും പാച്ചേനി അനുസ്മരിച്ചു.