കാസർകോട്: വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന ബാവിക്കര കുടിവെള്ള പദ്ധതിക്ക് ജീവൻ വയ്ക്കുന്നു. ചന്ദ്രഗിരിപ്പുഴയുടെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് കോൺക്രീറ്റ് പ്രവൃത്തിക്ക് ഇന്നലെ തുടക്കമായി. കെ. കുഞ്ഞിരാമൻ എം.എൽ.എ ജെ.സി.ബിയിൽ താഴ്ചയിലേക്കിറങ്ങിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

പദ്ധതിയുടെ കരാർ മൂന്നാമതായി ഏറ്റെടുത്ത ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ് റെക്കോഡ് വേഗത്തിൽ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചത്.
പുഴയുടെ ആഴം കൂടിയ ഭാഗത്തെ പ്രവൃത്തി ഉപേക്ഷിച്ചാണ് മുമ്പ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പിന്മാറിയത്. ഇതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. ആഴം കൂടിയ ഭാഗത്തേക്ക് പോകുന്നതിനായി പുതുതായി റോഡ് നിർമ്മിച്ച് പുഴയിൽ ആഴത്തിൽ ഷീൽഡ് പ്ലേറ്റ് അടിച്ചിറക്കി മണ്ണിട്ട് തടയണ നിർമ്മിച്ച് വെള്ളം തടഞ്ഞാണ് കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചത്. വിദഗ്ധ തൊഴിലാളികളെ വെച്ച് ആധുനിക സംവിധാനങ്ങളുടെ സഹായത്തിലാണ് പ്രവൃത്തി നടക്കുന്നത്. പുതിയ നിർമ്മാണ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പ്രവൃത്തി കാണാൻ പദ്ധതി പ്രദേശത്ത് തദ്ദേശവാസികളുടെ തിരക്കാണ്.

കൂടെ ട്രാക്ടർ വേയും
ഈ പദ്ധതി കൊണ്ട് പ്രദേശവാസികൾക്കു കൂടി പ്രയോജനമുണ്ടാകണമെന്ന ലക്ഷ്യം മുൻനിർത്തി തടയണയോടൊപ്പം ട്രാക്ടർ വേ നിർമ്മിക്കാനും അനുമതി ലഭിച്ചതായി കെ. കുഞ്ഞിരാമൻ എം.എൽ.എ പറഞ്ഞു. ട്രാക്ടർവേയുടെ പ്രാഥമിക നടപടികൾക്കായി ആറു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ട്രാക്ടർ വേ നിർമ്മാണം തടയണയോടൊപ്പം ഇതേ കരാറുകാരെ വെച്ച് പൂർത്തിയാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു.


കാപ്ഷൻ..
ബാവിക്കര കുടിവെള്ളപദ്ധതിയുടെ കോൺക്രീറ്റ് പ്രവൃത്തിക്ക് തുടക്കമിടാൻ ആഴം കൂടിയ ഭാഗത്തേക്ക് ജെ.സി.ബിയിൽ ഇറങ്ങുന്ന ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ

നിർമാണം മുടങ്ങിയത് പലതവണ

കാസർകോട് നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള വെള്ളത്തിനു വേണ്ടിയാണ് പയസ്വിനിപ്പുഴയിൽ തടയണ നിർമിക്കുന്നത്. ജല അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷന്റെ രണ്ടു കിലോമീറ്റർ താഴെയായി ആലൂർ മുനമ്പത്താണ് 120 മീറ്റർ നീളത്തിൽ ഇതിന്റെ നിർമാണം. 1992ലാണ് ആദ്യ എസ്റ്റിമേറ്റ് തയാറാക്കുന്നത്. എന്നാൽ നിർമാണം തുടങ്ങാൻ 2005 വരെ കാത്തിരിക്കേണ്ടി വന്നു. മാസങ്ങൾക്കു ശേഷം പ്രാരംഭപണികൾ ചെയ്തു കരാറുകാർ പണി ഉപേക്ഷിച്ചു. പിന്നീട് 2012 ഡിസംബറിൽ പുതിയ കരാർ നൽകി നിർമാണം പുനരാരംഭിച്ചെങ്കിലും 2013 മേയിൽ വീണ്ടും നിർത്തിവച്ചു.