നീലേശ്വരം:​ കോട്ടപ്പുറം​ കടിഞ്ഞിമൂല പാലം നിർമ്മാണത്തിന്റെ മുന്നോടിയായി മണ്ണു പരിശോധന തുടങ്ങി. തിരുവനന്തപുരം ആസ്ഥാനമായ ആർ.ടി.എഫ് ഇൻഫ്രാസ്‌ട്രെക്ച്ചർ പ്രൈവറ്റ് കമ്പനിയാണ് പരിശോധന നടത്തുന്നത്.

20 ദിവസത്തിനുള്ളിൽ മണ്ണു പരിശോധന നടത്തി ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കും. പുഴയുടെ രണ്ടു ഭാഗത്തുമുള്ള സമീപന റോഡിന്റെ സമ്മതപത്രം മുമ്പേ നൽകിയിരുന്നു. പാലം യാഥാർത്ഥ്യമായാൽ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം, സി.എച്ച്. മുഹമ്മദ് കോയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, നീലേശ്വരം നഗരം, അച്ചാംതുരുത്തി എന്നിവിടങ്ങളിലേക്ക് കടിഞ്ഞിമൂല വഴി എളുപ്പത്തിൽ എത്താൻ സാധിക്കും. എം. രാജഗോപാലൻ എം.എൽ.എയുടെ ശ്രമഫലമായാണ് പാലത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്. നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ മണ്ണുപരിശോധനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌​സൺ വി.ഗൗരി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി.പി.മുഹമ്മദ് റാഫി, പി.എം. സന്ധ്യ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ഇ. സഹജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

കടിഞ്ഞിമൂല കോട്ടപ്പുറം പാലത്തിന്റെ മണ്ണുപരിശോധന നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.