കണ്ണൂർ: നിർദ്ദിഷ്ട കീഴാറ്റൂർ ബൈപ്പാസ് നടപടികൾ വേഗത്തിലാക്കാൻ ദേശീയപാതാ വിഭാഗം ജില്ലാ അധികൃതർക്ക് നിർദേശം നൽകി. കീഴാറ്റൂരിന്റെ പേരിൽ ദേശീയപാതാ വികസനം ഇഴഞ്ഞു നീങ്ങാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്. ഭൂവുടമകളുടെ ഹിയറിംഗ് തുടങ്ങിയ സാഹചര്യത്തിൽ സ്ഥലമെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ദേശീയപാതാ വിഭാഗത്തിന്റെ പ്രതീക്ഷ. വികസന വിരുദ്ധരെ ഒറ്റപ്പെടുത്തി മലബാറിന്റെ സ്വപ്ന പദ്ധതിയായ കീഴാറ്റൂർ ബൈപ്പാസ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്നാണ് സംസ്ഥാന സർക്കാർ ജില്ലാ അധികൃതർക്ക് നൽകിയ നിർദേശം.
റോഡ് കീഴാറ്റൂർ വയലിൽ കൂടി തന്നെയാണെന്ന് കാണിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞമാസം അന്തിമ വിജ്ഞാപനമിറക്കി. 90 മീറ്റർ വീതിയുള്ള കീഴാറ്റൂർ നെൽവയൽ കീറിമുറിച്ച് 45 മീറ്റർ വീതിയിൽ നാല് വരി പാതയാണ് വരുന്നത്. വയൽ നികത്തി റോഡ് പണിയുന്നതിനുവേണ്ടി ഏതാണ്ട് 10 ലക്ഷം ടൺ മണ്ണ് വേണ്ടി വരുമെന്നാണ് കണക്ക്.
കീഴാറ്റൂർ വയലിലൂടെ ഒരുതരത്തിലും ബൈപ്പാസ് അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാക്കളും വയൽക്കിളി സമര നേതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു. ത്രീഡി നോട്ടിഫിക്കേഷൻ അടക്കം കേന്ദ്ര നേതാക്കൾ ഇടപെട്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഭരണപക്ഷത്ത് സി.പി.എം മാത്രമാണ് പഴയ അലൈൻമെന്റിൽ ഉറച്ചുനിന്നത്. കോൺഗ്രസ്, ബി.ജെ.പി, ലീഗ്, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകൾ ബൈപ്പാസിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വന്നിരുന്നു. ഇതിനിടെ ബി.ജെ.പി സമരം ഏറ്റെടുത്ത് ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ കീഴാറ്റൂരിൽ നിന്ന് കണ്ണൂരിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എം.പി തുടങ്ങിയ നേതാക്കളും സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.