കാഞ്ഞങ്ങാട്: 2006-ൽ കേന്ദ്രം നടപ്പിലാക്കിയ ഫുഡ് സേഫ്റ്റി ആക്ട് നിലനിൽക്കെ ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ അഭാവം ജില്ലയുടെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കുന്നു. മൂന്ന് ഫുഡ് സേഫ്റ്റി ഓഫിസുകളുള്ള ജില്ലയിൽ തസ്തിക പ്രകാരം ആവശ്യമുള്ളത് നാലു ഫുഡ് സേഫ്റ്റി ഓഫിസർമാരെയാണ്.
കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം, ഉദുമ തുടങ്ങിയ സർക്കിളുകളിലായി നാലു ഓഫിസർമാർ വേണ്ടിടത്ത് നിലവിലുള്ളത് ഒരു ഫുഡ് സേഫ്റ്റി ഓഫിസറാണ്. ഭക്ഷ്യ സുരക്ഷ പ്രകാരം പരാതി നൽകിയാൽ പോലും ഫുഡ് സേഫ്റ്റി ഓഫിസർക്ക് കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിലും തൃക്കരിപ്പൂരിലെയും നീലേശ്വരത്തെയും കാര്യങ്ങൾ നോക്കാൻ നീലേശ്വരത്തും കൂടാതെ ഉദുമയിലും ഫുഡ് സേഫ്റ്റി ഓഫിസുകളുണ്ട്. ഇവിടങ്ങളിലെല്ലാം കൂടിയാണ് ഒരു ഫുഡ് സേഫ്റ്റി ഓഫിസർ.
നിലവിൽ സംസ്ഥാനത്ത് നിയമനത്തിനായി ലിസ്റ്റുണ്ടെങ്കിലും കേസുകളും മറ്റുമായി ഇതുവരെ ഈ ലിസ്റ്റിൽ നിന്നും ആരെയും നിയമിക്കാത്തതാണ് ഫുഡ് സേഫ്റ്റി ഓഫിസർമാരില്ലാത്തതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. തൊട്ടടുത്ത ജില്ലയായ കണ്ണൂരി ലെയും അവസ്ഥ ഇതുതന്നെയാണ്. പതിനൊന്ന് ഫുഡ് സേഫ്റ്റി ഓഫിസർ ആവശ്യമുള്ള കണ്ണൂരിൽ ഇപ്പോൾ ആകെയുള്ളത് നാലു പേരാണ്. ഓഫിസ് വർക്ക് നോക്കാൻ പോലും കഴിയാത്ത തിരക്കിലാണ് ജില്ലയിലെ ഏക ഫുഡ് സേഫ്റ്റി ഓഫിസറായ തിരുവനന്തപുരത്തുകാരനായ വി.കെ പ്രദീപ് കുമാർ.